അയല്‍വാസിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ സിം എടുത്തതായി തെളിഞ്ഞു.

പാലക്കാട്: ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങുന്നതിനു മുമ്പ് സിം കാര്‍ഡ് എടുത്തിരുന്നതായി രേഖകള്‍. അയല്‍വാസിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് സിം കാര്‍ഡ് എടുത്തത്. പെണ്‍കുട്ടികള്‍ ടാബ് ലറ്റ് ഉപയോഗിച്ചിരുന്നതായി അറിയില്ലെന്ന പരിക്കേറ്റ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഐജി മനോജ് അബ്രാഹാം കോന്നിയിലെത്തി. പെണ്‍കുട്ടികള്‍ ബംഗളൂരു സന്ദര്‍ശിച്ചതായുള്ള തെളിവ് നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ശനിയാഴ്ച്ച അങ്കമാലിയില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ട്രെയില്‍ ടിക്കറ്റും ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റെ ടിക്കറ്റും കുട്ടികളുടെ ബാഗില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

കന്യാകുമാരി ബംഗളൂരു ഐലെന്റ് എക്‌സപ്രസില്‍ നിന്നാണ് കുട്ടികളുടെ ബാഗ് ആര്‍പിഎഫിന് ലഭിച്ചത്. കോന്നിയില്‍ സ്വര്‍ണം പണയംവെച്ച് ലഭിച്ച പണം ഉപയോഗിച്ചായിരുന്നു യാത്ര. രണ്ട് തവണ സ്വകാര്യ ബാങ്കില്‍ സ്വര്‍ണം വെച്ചതിന്റെ രേഖകള്‍ കണ്ടെത്തി. ശനിയാഴ്ച്ച അങ്കമാലിയില്‍ നിന്നാണ് മൂന്ന് പേരും ബംഗളൂരുവിലേക്ക് ട്രെയില്‍ കയറിയത്. കുട്ടികളെ കാണാതായ ഒന്‍പതിന് മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്ത ബസിന്റെ ടിക്കറ്റും പരിശോധനയില്‍ കണ്ടെത്താനായി. മൂന്ന് പേരുടെയും ബാഗുകള്‍ ആര്‍പിഎഫ് കോന്നി പോലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, കുട്ടികളുടെ ഫേസ് ബുക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഫേസ്ബുക്ക് സുഹൃത്ത് തൃശൂര്‍ പേരാമ്പ്ര സ്വദേശിയെ കോന്നി പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മറ്റ് നിരവധി പേരെയും ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. കോന്നി സിഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ മൊഴി രേഖപ്പെടുത്താനായി കോന്നി പോലീസ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ആര്യയുടെ മൊഴി കേസില്‍ നിര്‍ണായകമാകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ ആതിര, രാജി എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.

© 2024 Live Kerala News. All Rights Reserved.