ഏഴ് ഇസ് ളാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു; അമേരിക്കയെ സ്‌നേഹിക്കുകയും അകമഴിഞ്ഞു പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ക്കു ഇവിടെ ജീവിക്കാം’ ട്രംപ്

വാഷിംഗ്ടണ്‍: ഏഴ് ഇസ് ളാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപിനെ ഏറ്റവും വിവാദത്തില്‍ കൊണ്ടു ചാടിച്ചതും ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്നുമായിരുന്നു ഇത്. വിദേശ തീവ്രവാദികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്നതിനും രാജ്യത്തിന് സംരക്ഷണം നല്‍കുന്നതിനും വേണ്ടിയാണ് ഇതെന്ന് ഒപ്പിട്ടതിന് പിന്നാലെ പ്രതികരിക്കുകയും ചെയ്തു. 120 ദിവസം വരുന്ന അമേരിക്കയുടെ അഭയാര്‍ത്ഥി പുനരധിവാസ പരിപാടികളെയെല്ലാം താറുമാറാക്കുന്നതാണ് ട്രംപിന്റെ ഏറ്റവും പുതിയ ശാസന. പ്രവേശനം അനുവദിക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍ അമേരിക്കയുടെ സുരക്ഷയ്ക്കു ഒരു തരത്തിലും ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ് തീരുമാനം. തീവ്രവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നടപടിയാണിത്. തീവ്രവാദ മനോഭാവമുള്ളവര്‍ അമേരിക്കയില്‍ വേണ്ട. അമേരിക്കയെ സ്‌നേഹിക്കുകയും അകമഴിഞ്ഞു പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ക്കു ഇവിടെ ജീവിക്കാം’ ട്രംപ് പറഞ്ഞു. നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കോ കുടിയേറ്റക്കാര്‍ക്കോ 90 ദിവസത്തില്‍ കൂടുതല്‍ വിസ അനുവദിക്കുകയുമില്ല. ഇക്കാര്യത്തില്‍ അപേക്ഷകന്റെ പശ്ചാത്തലം പരിശോധിക്കുന്ന പുതിയ നിയമവും നടപ്പാക്കുന്നുണ്ട്. അതേസമയം ഈ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് ഇളവുകള്‍ ഉണ്ടാകും. അതേസമയം യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന അനേകം രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനമയാ ‘തീവ്രമായ സുക്ഷ്മ പരിശോധന’ നയത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും തീവ്രവാദ വിരുദ്ധ വിദഗ്ദ്ധരും അപലപിച്ചിട്ടുണ്ട്. ട്രംപിന്റെ നിര്‍ദേശം അമേരിക്കന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള മതാവകാശത്തിന്റെ ലംഘനമാണെന്ന് രാജ്യത്തെ നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.

© 2024 Live Kerala News. All Rights Reserved.