ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ, റിവേഴ്സ് റീപോ നിരക്കുകള്‍ 0.25 ശതമാനം വീതം കുറച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഈ വര്‍ഷം ഇതു മൂന്നാം തവണയാണു റീപോ നിരക്കില്‍ ആര്‍ബിഐ കുറവു വരുത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റ ആദ്യ നയ അവലോകനത്തിന് ഏറെ പ്രതീക്ഷയോടെയാണു വ്യവസായ – വാണിജ്യ ലോകം കാത്തിരുന്നത്. രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെട്ടതും നാണ്യപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ സ്ഥായിയായി നില്‍ക്കുന്നതുമാണു പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കിനെ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. അടിസ്ഥാന നിരക്കില്‍നിന്ന് 0.25 ശതമാനം കുറച്ചതുവഴി റീപോ 7.25ല്‍ എത്തി. റിവേഴ്സ് റീപോ നിരക്ക് നേരത്തെയുണ്ടായിരുന്ന 6.50ല്‍നിന്ന് 6.25 ശതമാനമാക്കി കുറച്ചു. ക്യാഷ് റിസര്‍വ് റേഷ്യോ നാലു ശതമാനത്തില്‍ തുടരും. ബാങ്ക് റേറ്റ് എട്ടരയില്‍നിന്ന് എട്ടേകാല്‍ ശതമാനമാക്കി. ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും കാല്‍ ശതമാനം വീതം റീപോനിരക്കില്‍ കുറവു വരുത്തിയിരുന്നു. പിന്നീട് ഏപ്രില്‍ ഏഴിനു ധന നയാവലോകനം നടത്തിയിരുന്നെങ്കിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.
റീപോ: വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ.
റിവേഴ്സ് റീപോ: ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നടത്തുന്ന നിക്ഷേപത്തിനുള്ള പലിശയാണു റിവേഴ്സ് റീപോ
കരുതല്‍ ധനാനുപാതം: ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കും. ഇതാണു കരുതല്‍ ധനാനുപാതം അല്ലെങ്കില്‍ സിആര്‍ആര്‍. സ്റ്റാറ്റ്യൂറ്ററി ലിക്വിഡിറ്റി
റേഷ്യോ(എസ്എല്‍ആര്‍): ബാങ്കുകളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണമെന്നുണ്ട്. ഇതാണ് എസ്എല്‍ആര്‍