വിജയ് മല്യക്ക് സുപ്രീംകോടതി 10 ലക്ഷം പിഴവിധിച്ചു

ന്യൂഡല്‍ഹി: വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്യരാജാവ് വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ ബഞ്ചാണ് മല്യയുടെ ഹര്‍ജി തള്ളി കോടതി ചിലവായി 10 ലക്ഷം രൂപ പിഴയ അടയ്ക്കാനും വിധിച്ചത്. ഫെറ ചട്ടം ലംഘിച്ച് വിദേശത്ത് മദ്യബ്രാന്‍ഡുകളുടെ പരസ്യത്തിനായി ഫണ്ട് നല്‍കിയതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയിരിക്കുന്നത്.

1995 ഡിസംബറില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ബെനറ്റണ്‍ ഫോര്‍മുലയുമായി കിങ്ഫിഷര്‍ ഒപ്പിച്ച കരാറിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് മല്യയെ ചോദ്യം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് അദ്ദേഹം ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കിങ്ഫിഷറിന്റെ ലോഗോ ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ പരസ്യമായി ചേര്‍ക്കുന്നതിന് രണ്ട് ലക്ഷം ഡോളര്‍ മല്യ നല്‍കിയെന്നാണ് കേസ്. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയും ഫെറ നിയമം ലംഘിച്ചുമാണ് ഈ പണം കൈമാറിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.