കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍;മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു;മൂന്ന് എകെ 47 തോക്കുകള്‍ കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ഇന്നലെ രാത്രിയില്‍ ദക്ഷിണ കശ്മീരിലെ അനന്ദനാഗ് ജില്ലയിലെ പഹല്‍ഗാമിലെ അവൂര ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മണിക്കൂറുകളോളം നീണ്ട രൂക്ഷമായ പോരാട്ടത്തിനൊടുവിലായിരുന്നു ഭീകരവാദികളെ വധിച്ചത്. ഗ്രാമത്തില്‍ ഭീകരവാദികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരിച്ച് സൈനികര്‍ ഇവിടെ തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യവും തിരിച്ചടിക്കുകയായിരുന്നു. വൈകുന്നേരം തുടങ്ങിയ വെടിവെയ്പ്പ് മണിക്കൂറുകളോളം നീണ്ടു നില്‍ക്കുകയും ഇന്ന് പുലര്‍ച്ചെ വരെ നീളുകയും ചെയ്തിരുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്തു നിന്നും മൂന്ന് എകെ 47 തോക്കുകള്‍ കണ്ടെത്തി. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.