കമലിന്റെ ആമിയില്‍ നിന്നും വിദ്യാബാലന്‍ പിന്മാറി; കാരണം ഇതാ

കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമി എന്ന കമല്‍ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ ഒടുവില്‍ പിന്മാറി. വിദ്യാബാലന്റെ ടീം അംഗങ്ങളും സംവിധായകന്‍ കമലും ഇക്കാര്യം സ്ഥിരീകരിച്ചു.വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുടെ തിരക്കഥ വിദ്യക്ക് ഇഷ്ടപ്പെട്ടിരുന്നു, കമല സുരയ്യയാകാന്‍ അവര്‍ക്ക് ഇഷ്ടവുമായിരുന്നു. എന്നാല്‍ തിരക്കഥയില്‍ അവസാനം വരുത്തിയ മാറ്റങ്ങളോട് അവര്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് വിദ്യാബാലന്‍ പിന്മാറുന്നതെന്നാണ് അവരുമായി ബന്ധപ്പെട്ട പബ്ലിക് റിലേഷന്‍ ടീം വ്യക്തമാക്കുന്നത്.വിദ്യ കമലിന്റെ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമുള്ള അഭിപ്രായ വ്യത്യാസമാണെന്ന അഭ്യൂഹവും ശക്തമാണ്. വിദ്യ മോഡിയുടെ ശക്തനായ ആരാധികയും കമല്‍ ശക്തമായി മോഡിയെ എതിര്‍ക്കുന്നയാളുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ളയാളാണ് വിദ്യാബാലന്‍. കമലാകട്ടെ മോഡിയെ വിമര്‍ശിക്കുന്നതില്‍ ബിജെപിക്കാരുടെ കണ്ണിലെ കരടും.തീയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകള്‍ക്കെതിരേ ബിജെപി നേതാക്കള്‍ ശക്തമായി രംഗത്ത് വരികയും കമലിനെ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളായി ചിത്രീകരിക്കുകയും പാകിസ്താനിലേക്ക് കമല്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വിദ്യയുടെ കേന്ദ്രങ്ങള്‍ തള്ളിയിട്ടുണ്ട്. എന്നാല്‍ വിദ്യ സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം രാഷ്ട്രീയ വ്യത്യാസങ്ങള്‍ അല്ലെന്നും അവരുടെ വക്താവ് പറയുന്നുണ്ട്. ചെയ്യുന്ന സിനിമയുടെ സംവിധായകരെയും നിര്‍മ്മാണ ടീമിനെയും അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് വിദ്യ. എന്നാല്‍ ഈ സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം തികച്ചും പ്രൊഫഷണല്‍ ആണ്. അല്ലാതെയുള്ള പ്രചരണമെല്ലാം തെറ്റാണെന്നും പറയുന്നു.

© 2024 Live Kerala News. All Rights Reserved.