ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും;ലോക്കല്‍ പൊലീസിനെ ഒഴിവാക്കി; ഉത്തരവിറക്കിയത് റേഞ്ച് ഐജി

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളെജിലെ ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല. റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ ലോക്കല്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ആരോപണങ്ങള്‍. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുന്നത്.എന്നാല്‍, കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചതിന് അധ്യാപകനും പ്രിന്‍സിപ്പലും വഴക്കുപറഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നുമാണ് കോളജ് അധികൃതരുടെ വാദം. എന്നാല്‍ ഇതുവരെ കോപ്പിയടി കണ്ടെത്തി ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നിരിക്കെ അത് ലഭിച്ചില്ലെന്നും പരീക്ഷ കണ്ടോളര്‍ അറിയിച്ചു.ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദിച്ചതായും മൂക്കിലെ മുറിവ് ഇതിന്റെ തെളിവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.