സാധാരണക്കാര്‍ ഒരുമിച്ച് അണിനിരന്നാല്‍ മാറ്റങ്ങള്‍ സാധ്യമാകും; വര്‍ണ വിവേചനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി; എട്ട് വര്‍ഷത്തിനിടെ ഒരു ഭീകരവാദ സംഘടനയുടെ ആക്രമണവും ഉണ്ടായില്ല; അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് ബരാക് ഒബാമ വിടവാങ്ങല്‍ പ്രസംഗം അവിസ്മരണീയമാക്കി.ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്. മെച്ചപ്പെട്ട മനുഷ്യനാക്കിയത്. ഓരോ ദിവസം നിങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം കേള്‍ക്കാനെത്തിയവരോടായി ഒബാമ പറഞ്ഞു.സാധാരണക്കാര്‍ ഒരുമിച്ച് അണിനിരന്നാല്‍ മാറ്റങ്ങള്‍ സാധ്യമാകും. വര്‍ണ വിവേചനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയൂ. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം.അമേരിക്ക തുടങ്ങിയിടത്ത് നിന്ന് ഏറെ ശക്തമായ നിലയിലാണ് ഇന്ന്. റഷ്യക്കോ ചൈനയ്‌ക്കോ ലോകത്ത് നമ്മുക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ കഴിയില്ല എന്നും ഒബാമ പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി. ഐ.എസിനെ പൂര്‍ണമായി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ എട്ട് വര്‍ഷത്തെ ഭരണകാല നേട്ടങ്ങള്‍ എണ്ണിപ്പറയാനും അദ്ദേഹം മറന്നില്ല. മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ല നിങ്ങളിലൂടെയാണ് അത് സാധ്യമായത്. ഭാര്യ മിഷേല്‍ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. എട്ട് വര്‍ഷത്തിനിടെ ഒരു വിദേശ ഭീകരവാദ സംഘടനയ്ക്കും അമേരിക്കന്‍ മണ്ണില്‍ ഒരു ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞു.പത്ത് ദിവസം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റില്‍ നിന്ന് അടുത്ത പ്രസിഡന്റിലേക്ക് സുഗമമായ അധികാരകൈമാറ്റം നടക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ മഹത്വമാണ് വെളിവാക്കുന്നത്.ഒബാമ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.