ജിഷ്ണു കോപ്പിയടിച്ചെന്ന നെഹ്‌റു കോളേജ് അധികൃതരുടെ വാദം പൊളിയുന്നു; കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍

തിരുവനന്തപുരം. ജിഷ്ണു കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വാദം പൊളിയുന്നു.കോപ്പിയടിച്ചെന്ന റിപ്പോര്‍ട്ട് കോളേജ് നല്‍കിയിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോപ്പിയടി നടന്നിരുന്നെങ്കില്‍ ഒരുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നും പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. കോപ്പിയടിച്ചതിന് ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കോളേജ് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന സുഹൃത്തുക്കളും ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു.ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം. ജിഷ്ണുവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.