വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറി; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിനും സംസാരിക്കുന്നതിനും അപ്രഖ്യാപിത വിലക്ക്;താടി വടിച്ചില്ലെങ്കില്‍, മുടി വെട്ടിയില്ലെങ്കില്‍ വരെ ഫൈന്‍; നെഹ്‌റു കോളെജിനെതിരെ ഗുരുതര ആരോപണങ്ങള്‍

തൃശൂര്‍: ജിഷ്ണു ആത്മഹത്യ ചെയ്ത തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളെജിനെതിരെ ഗുരുതര ആരോപണങ്ങള്‍. വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ഥികളുടെ സാക്ഷ്യപ്പെടുത്തല്‍.ഇതിന് പുറമെ ചില അലിഖിത നിയമങ്ങളും കോളെജിലുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടന്നാല്‍ നൊട്ടോറിയല്‍സ് പട്ടികയിലുള്‍പ്പെടുത്തി മാനസികമായി പീഡിപ്പിക്കും. താടി വടിച്ചില്ലെങ്കില്‍, മുടി വെട്ടിയില്ലെങ്കില്‍ തുടങ്ങി സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചാല്‍ പോലും ഇവിടെ ഫൈന്‍ ഈടാക്കും. ഷേവ് ചെയ്യാത്തതിനടക്കം ഭീഷണിപ്പെടുത്തി പിഴയീടാക്കുകയും പരീക്ഷ എഴുതിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഷേവ് ചെയ്യാതെയെത്തിയതിന്റെ പേരില്‍ പരീക്ഷ എഴുതിക്കാതെ തോറ്റുപോയ ഒട്ടേറെ വിദ്യാര്‍ഥികളിന്നും പഠനം പൂര്‍ത്തിയാക്കാനാവാതെ കഴിയുന്നു.മൊബൈല്‍ ഉപയോഗിക്കുന്നതിനും അസുഖത്തിന് പോലും അവധിയെടുത്താലും തുടങ്ങി നിസാര സംഭവങ്ങളില്‍ പോലും യാതൊരു രേഖയുമില്ലാതെ പിഴയീടാക്കും. കോളെജ് ഐഡി കാര്‍ഡ് കഴുത്തിലണിയാന്‍ മറന്നാലും, ഷര്‍ട്ട് ഇസ്തിരി ഇടാന്‍ മറന്നാലും, ഇസ്തിരി ഇട്ട ഷര്‍ട്ട് ഇന്‍ ചെയ്യുമ്പോള്‍ പുറത്തേക്ക് കണ്ടാലും ,ഷൂ ഇട്ടിട്ടില്ലെങ്കിലും, ഷൂ ലേസ് അഴിഞ്ഞു കണ്ടെങ്കില്‍ അങ്ങനെ എല്ലാത്തിനും ഫൈനാണ് ഇവിടെ. ഭക്ഷണത്തിന്റെ കാര്യത്തില്‍ കോളെജില്‍ ഫൈനുണ്ട്. ഭക്ഷണം പരസ്പരം ഷെയര്‍ ചെയ്താല്‍ ഫൈന്‍ വരും. മെസില്‍ പോകാതെ ക്ലാസിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ ഫൈന്‍. പിഴ നല്‍കിയില്ലങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിക്കുകയും ഡീബാര്‍ ചെയ്യുന്നതും പതിവാണ്. ഇത്തരം പീഡനങ്ങളുടെ ഇരയാണ് ജിഷ്ണു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പണം മാത്രമാണ് നെഹ്‌റു കോളെജ് പോലുള്ള എല്ലാ കോളെജുകളുടെയും അധാരം. പണം കൊണ്ടു ഇവര്‍ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നു. തനിക്കെതിരെ ഉയരുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ് ഇത്തരം കോളെജുകളുടെ ശ്രമം.

© 2024 Live Kerala News. All Rights Reserved.