ജിഷ്ണുവിന്റെ ആത്മഹത്യ; വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; നെഹ്റു എഞ്ചി. കോളെജ് വിദ്യാർത്ഥികൾ അടിച്ചുതകർത്തു

തൃശൂര്‍ :പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെഎസ്.യു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോളജ് വളപ്പിനുള്ളില്‍ കടന്ന  വിദ്യാർത്ഥികൾ കോളജ് തല്ലിത്തകര്‍ത്തു. പൊലീസ് വലയം ഭേദിച്ച്‌ ഉള്ളില്‍ കടന്ന പ്രവര്‍ത്തകരാണ് കോളജ് അടിച്ചു തകര്‍ത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ലാസ് മുറികളും കന്റീനുമടക്കം തല്ലിത്തകര്‍ത്തു.  കോളജികത്തു കടന്ന ഒരു വിദ്യാര്‍ഥിയെ അകത്തിട്ടു മര്‍ദ്ദിച്ചതോടെയാണ് വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍ അകത്തേയ്ക്ക് കടന്നത്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ അയച്ചിട്ടുണ്ട്. കെഎസ്‌യു, എംഎസ്എഫ് മാര്‍ച്ചിനു പിന്നാലെയാണ് എസ്എഫ്‌ഐക്കാര്‍ കോളജിലേക്കെത്തിയത്. മാനേജുമെന്റിന്റെ പീഡനത്തെത്തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു. പ്രദേശത്തു വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം. കോപ്പിയടിച്ചതിന് ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് മാനസിമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. ഇതാദ്യമായല്ല കോളേജില്‍ വിദ്യാര്‍ത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും ജിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.