ശമ്പള പ്രതിസന്ധി;കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഒരാഴ്ച്ചയ്ക്കകം കൊടുത്ത് തീര്‍ക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഉറപ്പിന്മേലാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പിന്‍വലിച്ചത്.ക്ഷാമ ബത്ത നല്‍കുമെന്നും മന്ത്രി അറിയിച്ചു.ജീവനക്കാരുടെ ക്ഷാമബത്ത വിതരണ തീരുമാനം പിന്‍വലിച്ചതിന്റെ പേരിലായിരുന്നു സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. കുടിശ്ശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ നല്‍കേണ്ടെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യവും വെട്ടിക്കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു.