കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍;മന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ നാലു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അര്‍ധ രാത്രി 12 ന് ആരംഭിക്കും. ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച മാനേജ്‌മെന്റിന്റെ നടപടിക്കെതിരെയാണ് സമരം.സിഐടിയും ഒഴികെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.സമരം ശബരിമല സര്‍വീസുകളെ ബാധിക്കില്ലെന്നു സംഘടനകള്‍ അറിയിച്ചു. സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നു സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ക്ഷമാബത്ത നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.സര്‍ക്കാര്‍ ഉറപ്പിനു വിരുദ്ധമായി ക്ഷാമബത്ത കുടിശിക വിതരണം നിര്‍ത്തിവച്ചതിലും ശമ്പളവും പെന്‍ഷനും അനിശ്ചിതമായി വൈകുന്നതിലും പ്രതിഷേധിച്ചാണു സമരം. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, എഐടിയുസി നേതൃത്വം നല്‍കുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട്‌ ൈഡ്രവേഴ്‌സ് യൂണിയനും സമരത്തില്‍ പങ്കെടുക്കും. ഡിഎ കുടിശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുടിശിക നല്‍കേണ്ടെന്നു മാനേജ്‌മെന്റ് പിന്നീട് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സമരം നടത്താന്‍ സംഘടനകള്‍ തീരുമാനിച്ചത്.