വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ച് നാല് മരണം; മരിച്ചവരില്‍ കുസാറ്റിലെ വിദ്യാര്‍ത്ഥികളും;അപകടം പുലര്‍ച്ചെ വരാപ്പുഴ പാലത്തില്‍

വരാപ്പുഴ: എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഹരിശങ്കര്‍, കിരണ്‍, ജിജിഷ, അക്ഷയ് എന്നിവരാണ് മരിച്ചത്.വരാപ്പുഴ പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്.കാറിലുണ്ടായിരുന്നത് കുസാറ്റിലെ വിദ്യാര്‍ഥികളാണ്. ഇതില്‍ വാഹനമോടിച്ചിരുന്ന യുവാവും മുന്‍വശത്തിരുന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്.ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍, കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ എന്നിവരും കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അക്ഷയ്(24), മലപ്പുറം സ്വദേശി ജിജിഷ(24) എന്നിവരാണ് മരിച്ചത്.ഹരിശങ്കറും കിരണും ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരാണ്. കാറിലുണ്ടായിരുന്നവര്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികളാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

© 2024 Live Kerala News. All Rights Reserved.