ഭീകരാക്രമണ ഭീഷണി; കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്

കൊച്ചി:  പുതുവത്സരാഘോഷത്തിനായി ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രായേലി പൗരന്മാര്‍ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്.കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മുഖേന ഇസ്രയേല്‍ ഭീകരവിരുദ്ധ ഡയറക്ടറേറ്റാണ് മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഗോവ, പൂണെ, മുംബൈ, കൊച്ചി തുടങ്ങി പടിഞ്ഞാറന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരത്തിനായി എത്തിയിട്ടുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ക്ലബ് പാര്‍ട്ടികളിലും ബീച്ചുകളിലെ പുതുവല്‍സര ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണം. കഴിവതും ബീച്ചുകളിലെ പുതുവല്‍സരാഘോഷങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍, ഉല്‍സവ സ്ഥലങ്ങള്‍, ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കും പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വിദേശികള്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളെ ഭീകരര്‍ ലക്ഷ്യം വച്ചേക്കാമെന്നതാണ് കാരണം.ഇസ്രയേല്‍ പൗരന്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദര്‍ശിക്കുന്ന ബന്ധുക്കളെ ബന്ധപ്പെട്ട് മുന്നറിയിപ്പ് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും പ്രാദേശിക മാധ്യമങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള പൗരന്‍മാരോട് ആവശ്യപ്പെട്ടു.അതേസമയം അടിയന്തിര മുന്നറിയിപ്പ് ഇറക്കാന്‍ കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇസ്രായേലികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നാണ് കൊച്ചിയും കേരളവും. പ്രത്യേകിച്ചും വിമുക്ത ഭടന്മാര്‍ക്കിടയില്‍. എല്ലാ വര്‍ഷവും ഇന്ത്യയില്‍ 20,000 ഇസ്രായേലി വിമുക്തഭടന്മാര്‍ വിനോദ സഞ്ചാരത്തിനായി എത്തുന്നതെന്നാണ് കണക്കുകള്‍.

© 2024 Live Kerala News. All Rights Reserved.