പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം

ന്യൂഡല്‍ഹി: നോട്ടു നിരോധനം അമ്പത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും.ഇന്ന് രാത്രി 7.30 ന് ദൂരദര്‍ശന്‍ വഴിയാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധ ചെയ്യുക. നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജക നടപടികളും, ജനപ്രിയ പ്രഖ്യാപനങ്ങളും മോദിയുടെ പ്രസംഗത്തില്‍ ഇടം പിടിക്കാനാണ് സാധ്യത. നോട്ടു നിരോധനത്തിന്റെ താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ അവസാനിക്കാന്‍ ചോദിച്ച സമയം ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഏറെ ആകാംക്ഷയോടെയാണ് മോദിയുടെ പ്രസംഗത്തിനായി രാജ്യം കാത്തിരിക്കുന്നത്. ഡിസംബര്‍ മൂപ്പത് പിന്നിട്ടിട്ടും ബാങ്ക് ഇടപാടുകള്‍ക്കുള്ള നിയന്ത്രണം നീക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു പ്രഖ്യാപനവും വന്നില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമോ അതോ ഭാഗികമായോ പൂര്‍ണമായോ പിന്‍വലിക്കുമോ എന്നതാണ് പ്രധാനമായും അറിയേണ്ടത്. ബാങ്കുകളിലും എടിഎമ്മുകളിലും ആവശ്യത്തിന് പണം എത്താത്തതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. കാര്‍ഷിക കടാശ്വാസം,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ തുടങ്ങിയവ ഉണ്ടായേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ ആനൂകൂല്യങ്ങളും നല്‍കിയേക്കും.

© 2024 Live Kerala News. All Rights Reserved.