ഇന്ന് മുതല്‍ എ-ക്ലാസ് തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല;പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അന്യഭാഷാ ചിത്രങ്ങള്‍

കൊച്ചി: തിയേറ്റര്‍ വിഹിതം പങ്ക് വെയ്ക്കുന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. അത് കൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ ഇന്നു മുതല്‍ എ- ക്ലാസ് തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കും. തര്‍ക്കം പരിഹരിക്കപ്പെടാതെ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് ഉണ്ടാകില്ല.ഇതോടെ അന്യഭാഷാ ചിത്രങ്ങളായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തീയറ്ററുകളിലുണ്ടാകുക. ക്രിസ്മസിന് റിലീസുകള്‍ വേണ്ടെന്ന തീരുമാനമെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സിനിമകള്‍ പിന്‍വലിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ, പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കളെ ബാധിക്കുമെന്നതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന സംയുക്ത യോഗം തീരുമാനം പുനഃപരിശോധിക്കുകയും ചിത്രങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നിര്‍മാതാക്കളും വിതരണക്കാരും. മലയാള സിനിമാ വ്യവസായത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. റിലീസുകള്‍ മുടങ്ങിയതോടെ 12 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും സംഘടനാ നേതാക്കള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.