അന ഇവാനോവിച്ച് ടെന്നീസില്‍ നിന്ന് വിരമിച്ചു; വിരമിച്ചത് ദീര്‍ഘകാലമായി അലട്ടുന്ന പരിക്കുകളെത്തുടര്‍ന്ന്

ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ ടെന്നീസ് താരം അന ഇവാനോവിച്ച് വിരമിച്ചു. 29–ാം വയസിലാണ് ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ഇവാനോവിച്ച് വിരമിക്കുന്നത്. ദീര്‍ഘകാലമായി അലട്ടുന്ന പരിക്കിനെ തുടര്‍ന്നാണ് വിരമിക്കലെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ഫേസ്ബുക്കിലൂടെയാണ് താരം വാര്‍ത്ത പുറത്തുവിട്ടത്.2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അന നേടിയിരുന്നു. ഇതിനുപിന്നാലെയാണ് അന ഒന്നാം റാങ്കിലെത്തിയത്.പിന്നീട് റാങ്കിംഗില്‍ അന പിന്നാക്കം പോയി.2009 ല്‍ ഫോം നഷ്ടമായതിനെ തുടര്‍ന്ന് 22 ാം സ്ഥാനത്തേക്ക് വീണുപോയി. എന്നാല്‍ 2014 ലും 2015 ലും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടന്ന് ആദ്യ അഞ്ചിലേക്ക് എത്താന്‍ താരത്തിന് കഴിഞ്ഞിരുന്നെങ്കിലും ഈ വര്‍ഷം യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ ചെക്ക് താരം ദെനീസാ അല്ലെര്‍ട്ടോവയോട് തോറ്റ് അറുപതാം സ്ഥാനത്തേക്ക് വീണിരുന്നു. നിലവില്‍ ലോക റാങ്കിംഗില്‍ 63 ആം സ്ഥാനത്താണ് അന ഇവാനോവിച്ച്.വിരമിക്കല്‍ തീരുമാനം ഏറെ ദുഷ്‌ക്കരമാണ് എങ്കിലും ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും താരം പോസ്റ്റില്‍ പറയുന്നു. അഞ്ചാം വയസ്സ് മുതല്‍ ടെന്നീസ് കിരീടം സ്വപ്നം കണ്ടിരുന്ന തന്നെ ഈ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് എത്തിച്ചത് അന്നു മുതല്‍ പിന്തുണയ്ക്കുന്ന മാതാപിതാക്കളാണെന്നും പറഞ്ഞു.ജര്‍മന്‍ ഫുട്‌ബോള്‍ താരം ബാസ്റ്റിന്‍ ഷെയ്ന്‍സ്‌റ്റൈഗറുമായി അനയുടെ വിവാഹം ഈ വര്‍ഷം നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.