സിനിമ പ്രതിസന്ധി രൂക്ഷം; പ്രദര്‍ശനം നടത്തുന്ന മലയാള ചിത്രങ്ങള്‍ നാളെ പിന്‍വലിക്കും

കൊച്ചി; തിയേറ്റര്‍ വിഹിതം പങ്ക് വെക്കുന്നത് സംബന്ധിച്ച് മലയാള സിനിമയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ നാളെ മുതല്‍ പിന്‍വലിക്കാന്‍ നിര്‍മാതാക്കാളും വിതരണക്കാരും തീരുമാനിച്ചു.ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യ നിലപാടിനെത്തുടര്‍ന്നുണ്ടായ ഈ പ്രതിസന്ധിയില്‍ 20 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറെല്ലെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും പറയുന്നത്. പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന മുന്‍ തീരുമാനം മറികടന്നു തമിഴ് ചിത്രമായ കത്തി സണ്ടൈയും ഹിന്ദി ചിത്രമായ ദംഗലും തിയറ്ററുകളിലെത്തിച്ച വിതരണ കമ്പനികളുമായി ഭാവിയില്‍ സഹകരണം വേണ്ടെന്നും സംയുക്ത യോഗം തീരുമാനിച്ചു. രമ്യ ഫിലിംസാണു കത്തി സണ്ടൈ വിതരണത്തിനെടുത്തത്. യുടിവിയാണു ദംഗലിന്റെ വിതരണക്കാര്‍. പ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍, വിലക്കു മൂലം റിലീസ് മുടങ്ങിയ ആറു മലയാള ചിത്രങ്ങള്‍ക്ക് ഒരു മാസം മല്‍സര രഹിത സാഹചര്യം ലഭ്യമാക്കാനാണു മറ്റൊരു തീരുമാനം. ഒരു മാസത്തേക്ക് മറ്റു ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, വേദം, കാംബോജി എന്നീ ക്രിസ്മസ് ചിത്രങ്ങളാണു റിലീസ് വിലക്കില്‍പ്പെട്ടത്. നിലവിലെ ചിത്രങ്ങള്‍ കൂടി പിന്‍വലിക്കാനുള്ള തീരുമാനത്തോടെ പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളും തിയറ്ററുകള്‍ വിടും. ഫലത്തില്‍, ഏതാനും ഇതരഭാഷാ ചിത്രങ്ങള്‍ മാത്രമാകും കേരളത്തിലെ തിയറ്ററുകളില്‍. ചലച്ചിത്രമേഖലയ്ക്കു നഷ്ടപ്പെടുന്നത് ഉത്സവകാല വരുമാനവും. തിയറ്ററുകളില്‍ നിന്ന് ഉടമകള്‍ക്കു ലഭിക്കുന്ന വരുമാന വിഹിതം ഏകപക്ഷീയമായി നാല്‍പതില്‍ നിന്ന് അന്‍പതു ശതമാനമായി വര്‍ധിപ്പിച്ച ഫെഡറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണു നിര്‍മാതാക്കളും വിതരണക്കാരും പുതിയ റിലീസ് വേണ്ടെന്നു വച്ചതും നിലവിലെ ചിത്രങ്ങള്‍ പിന്‍വലിക്കുന്നതും.

© 2024 Live Kerala News. All Rights Reserved.