ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്ക് ഒട്ടും നിരാശയില്ല;തന്റെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടാനുള്ള അര്‍ഹതയില്ല; ഷാരൂഖ് ഖാന്‍ മനസ്സ് തുറന്നു

മുംബൈ:ദേശീയ അവാര്‍ഡ് എന്ന സ്വപ്നം എല്ലാവരും മനസ്സില്‍ സൂക്ഷിക്കുന്ന ഒന്നാണ്. എന്നാല്‍ ഒരു ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്ക് ഒട്ടും നിരാശയില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. തന്റെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടാനുള്ള അര്‍ഹതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശിയ പുരസ്‌കാരം ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും ഞാന്‍ ഇതുവരെ കാഴ്ച വെച്ചിട്ടില്ല. എനിക്ക് അതിനുള്ള അര്‍ഹതയില്ല. കഴിയുന്നിടത്തോളം അഭിനയിക്കുക. അതുമാത്രമാണ് എന്റെ ലക്ഷ്യം ഷാരൂഖ് പറഞ്ഞു. മുംബൈയിലെ യു.എസ് കോണ്‍സുലേറ്റില്‍ നടന്ന ഇന്ത്യന്‍ അക്കാദമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കവെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കിങ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.തനിക്ക് എന്തെങ്കിലും ലഭിച്ചുവെങ്കില്‍ അതിന്റെ കടപ്പാട് സംവിധായകരോടും പ്രേക്ഷകരോടുമാണ്. പുരസ്‌കാരങ്ങള്‍ ആഗ്രഹിച്ചിട്ടല്ല ഇത്രയും കാലം അഭിനയിച്ചത് എന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം റയീസ് അടുന്ന വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.