ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നത്

ന്യൂഡല്‍ഹി: മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍(ജി.ഡി.പി) ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. ഫോബ്‌സ് മാസികയിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു പിന്നിലായാണ് ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നത്.ഇന്ത്യയുടെ അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനത്തിന് (ബ്രക്‌സിറ്റ്) ശേഷം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചുമാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണം.2020ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഈ രംഗത്തെ പ്രമുഖരായ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസേര്‍ച്ച് (സിഇബിആര്‍) 2011ല്‍ പ്രവചിച്ചിരുന്നു. ഈ നേട്ടം കൈവരിക്കാനുള്ള കുതിപ്പിലാണ് ഇന്ത്യ എന്നു വ്യക്തമാക്കുന്നതാണു ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചിരുന്നു. അയല്‍രാജ്യമായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അടുത്തകാലത്തൊന്നും മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയെ പിന്തള്ളാനാകില്ലെന്നും 2017ല്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്നും രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രവചിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.