സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു;പുലിമുരുകനും ഋതിക് റോഷനും പിന്‍വലിക്കുന്നു

കൊച്ചി:തിയ്യറ്റര്‍ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു.നിലവില്‍ പ്രദര്‍ശനത്തിലിരിക്കുന്ന സിനിമകളായ പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനുമടക്കമുള്ള ചിത്രങ്ങള്‍ തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കും.നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ ഇരുന്നൂറിലധികം തിയറ്ററുകളില്‍ പ്രദര്‍ശനം ഉണ്ടാകില്ല. സിനിമാ സമരത്തെത്തുടര്‍ന്ന് റിലീസ് ചെയ്യാത്ത സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഈ ക്രിസ്മസിനു സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഇന്നലെ മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ നടത്തിയ യോഗം പരാജയപ്പെട്ടശേഷം വ്യക്തമായിരുന്നു.സിനിമാ റിലീസ് പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി എ.കെ. ബാലന്‍ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് ശക്തമായ നിലപാടെടുക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചത്. തിയറ്റര്‍ വിഹിതം പങ്കിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇത്തവണ ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചിട്ടുണ്ട്. 50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം വേണമെന്നാണ് ഉടമകളുടെ ആവശ്യം. ഈ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും നിലപാട്. നിലവില്‍ റിലീസിങ് ആഴ്ചയില്‍ തിയറ്ററില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് 60 ശതമാനവും തിയറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനവുമെന്ന നിരക്കിലാണ് വരുമാന വിഹിതം. മള്‍ട്ടിപ്ലക്‌സുകളില്‍ 50-50 അനുപാതത്തിലാണ് വിഹിതം പങ്കുവയ്ക്കുന്നത്. ഇതേ അനുപാതത്തില്‍ തങ്ങള്‍ക്കും വേണമെന്നാണ് എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യമുന്നയിച്ചതോടെയാണ് നിര്‍മ്മാതാക്കള്‍ സമരം പ്രഖ്യാപിച്ചത്. ഡിസംബര്‍ 16ന് ശേഷം പുതിയ സിനിമകള്‍ തുടങ്ങേണ്ടെന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമകളെ സമരം ബാധിച്ചിട്ടില്ല. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ് ജയസൂര്യാ ചിത്രം ഫുക്രി,പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഈ സിനിമകളെല്ലാം സെന്‍സര്‍ പൂര്‍ത്തിയാക്കി പരസ്യപ്രചരണവും നടത്തി റിലീസിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. ക്രിസ്മസ് സീസണ്‍ നഷ്ടപ്പെട്ടാല്‍ വന്‍ തിരിച്ചടിയാണ് ഈ സിനിമകള്‍ക്കും ചലച്ചിത്ര വ്യവസായത്തിനും ഉണ്ടാവുക.

© 2024 Live Kerala News. All Rights Reserved.