പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

 

കുറവിലങ്ങാട്: പൊലീസ് കസ്റ്റഡിയില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ സിബി (40)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സിബി മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല. മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലാണ് സിബിയെ കഴിഞ്ഞ 29ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

യുവാവിന്റെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിബിയുടെ മരിച്ചെന്ന വിവരം ലഭിച്ചതോടെ മരങ്ങാട്ടുപള്ളി പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കി. പൊലീസിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് സൂചന കിട്ടിയതോടെ എആര്‍ ക്യാംപില്‍ നിന്നുള്ള ഇരുനൂറ്റിയന്‍പതിലേറെ പൊലീസുകാര്‍ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്.

സിബിയുടെ മൃതദേഹം നാളെ ഉന്നച പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇന്നു വൈകിട്ട് സിപിഎം, ബിജെപി പാര്‍ട്ടികള്‍ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്കു പ്രതിഷേധ പ്രകടനം നടത്തും.

സംഭവത്തെപ്പറ്റി ജില്ലാ പൊലീസ് മേധാവി എം.പി ദിനേശ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി എം.ആര്‍ അജിത്കുമാര്‍ ആരോപണ വിധേയനായ മരങ്ങാട്ടുപള്ളി എസ്‌ഐ കെ.എ ജോര്‍ജു!കുട്ടിയെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആഭ്യന്തര സെക്രട്ടറിയും കോട്ടയം എസ്പിയും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജെ.ബി. കോശി ആവശ്യപ്പെട്ടു.

സിബിയെ മരങ്ങാട്ടുപള്ളി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സിഐടിയു അംഗമായ സിബിയെ ഇന്നലെ കോടിയേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം, സിബിയുടേത് കസ്റ്റഡി മരണമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

അതേസമയം, സിബിയെ മര്‍ദിച്ചിട്ടില്ലെന്ന് കോട്ടയം എസ്പി: എം.പി. ദിനേശ് പറഞ്ഞു. അയല്‍ക്കാരനുമായി അടിയുണ്ടാക്കിയതിനാണ് സിബിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതെന്നും എസ്പി അറിയിച്ചു. സിബിയെ സ്റ്റേഷനില്‍ കൊണ്ടുവന്നശേഷം നിയമാനുസരണം നടത്തേണ്ട വൈദ്യപരിശോധന നടത്തിയില്ലെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഗവ. ആശുപത്രിക്കു സമീപത്തുണ്ടായ അടിപിടിയിലാണു സിബിക്കു പരുക്കേറ്റതെന്നും കൈയില്‍ മദ്യക്കുപ്പിയുമായി ബഹളമുണ്ടാക്കിയതിനാലാണു മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് മേധാവി അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.