യുഎസ് അന്തര്‍വാഹിനി തിരികെ നല്‍കാമെന്ന് ചൈന;കയ്യില്‍ സൂക്ഷിച്ചോളൂവെന്ന് ഡോണള്‍ഡ് ട്രംപ്;ദക്ഷിണ ചൈനാ കടലില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മുങ്ങിക്കപ്പല്‍ പിടിച്ചതെന്ന് ചൈന

വാഷിങ്ടണ്‍: ചൈന പിടിച്ചെടുത്ത യുഎസ് അന്തര്‍വാഹിനി തിരികെ നല്‍കാന്‍ തയാറാണെന്ന് ചൈന അറിയിച്ചു. അന്തര്‍വാഹിനി തിരികെ നല്‍കാന്‍ ചൈന സമ്മതിച്ചതായി പെന്റഗണ്‍ വക്താവും പറഞ്ഞു. കപ്പലുകളുടെയും ലൈഫ് ബോട്ടുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് ചൈന പറഞ്ഞു. വിഷയം ‘വിജയകരമായി പരിഹരിക്കു’മെന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ ചൈന തട്ടിയെടുത്ത ഡ്രോണ്‍ തിരികെ വേണ്ടെന്നും കയ്യില്‍ സൂക്ഷിച്ചോളൂവെന്നുമായിരുന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.ചൈനയുടെ നാവികസേനാ യുദ്ധക്കപ്പലാണ് ഡ്രോണ്‍ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത്. ദക്ഷിണ ചൈനാ കടലില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മുങ്ങിക്കപ്പല്‍ പിടിച്ചതെന്നു ചൈന പറഞ്ഞു. ഫിലിപ്പീന്‍സില്‍ സുബിക് ഉള്‍ക്കടലിന്റെ 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ചൈന മുങ്ങിക്കപ്പല്‍ പിടിച്ചതെന്നു യുഎസ് വിശദീകരിച്ചു. ആളില്ലാ മുങ്ങിക്കപ്പല്‍ അയച്ചതു സമുദ്ര സര്‍വേയ്ക്കായി ഇവിടെയുണ്ടായിരുന്ന യുഎസ്എന്‍എസ് ബൗഡിച്ച് എന്ന കപ്പലാണ്.സംഭവത്തെത്തുടര്‍ന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ചൈനയെ പ്രതിഷേധം അറിയിച്ചു. അന്തര്‍വാഹിനി ഡ്രോണ്‍ തിരികെ നല്‍കാനും അമേരിക്ക ആവശ്യപ്പെട്ടു. മുങ്ങിക്കപ്പല്‍ അടിയന്തരമായി തിരികെ നല്‍കണം, രാജ്യാന്തര നിയമപ്രകാരമുള്ള എല്ലാ ചുമതലകളും പാലിക്കണമെന്നും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പ്രസ്താവനയില്‍ പറഞ്ഞു. കടലിലെ ഉപ്പിന്റെ തോത്, ജലത്തിന്റെ താപനില, ശബ്ദവേഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള കടലിലെ ഗ്‌ളൈഡര്‍ സംവിധാനമാണ് ചൈന പിടിച്ച ഡ്രോണ്‍ മുങ്ങിക്കപ്പലെന്നും യുഎസ് വിശദീകരിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടലില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഘര്‍ഷ സാധ്യതയുണ്ടാകുന്നത്.ദക്ഷിണ ചൈനാ കടലില്‍ സൈനിക സന്നാഹങ്ങളേര്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെയുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. കൂടാതെ തായ്‌വാന്‍ പ്രസിഡന്റ് സായ് ഉന്‍ വെന്നുമായി ചര്‍ച്ച നടത്തിയ ട്രംപ് ഏക ചൈന നയത്തെ ചോദ്യം ചെയ്തിരുന്നു.