സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 20,480 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുറവ്. പവന്‍വിലയില്‍ വീണ്ടും 240 രൂപ കുറഞ്ഞ് 20,480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,560 ലെത്തി.വ്യാഴാഴ്ചയാണ് 240 രൂപ താഴ്ന്ന് 20,720 രൂപയിലെത്തിയത്. കഴിഞ്ഞ 11 മാസക്കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.2016 ഫിബ്രവരിയിലാണ് പവന്‍വില ഇതിനു മുമ്പ് 20,800 രൂപയ്ക്ക് താഴെ പോയത്. 2016 നവംബര്‍ ഒമ്പതിന് ശേഷം ഇതുവരെ 3000 രൂപയുടെ ഇടിവാണ് പവന്‍ വിലയിലുണ്ടായത്. നോട്ട് പിന്‍വലിക്കലോടെയാണ് കേരളത്തില്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.ഡിസംബറില്‍ ക്രിസ്മസ് വ്രതവും മണ്ഡലകാലവുമായതിനാല്‍, വിവാഹങ്ങള്‍ കുറവാണ്. അതും വില്പന കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വിവാഹ സീസണ്‍ വീണ്ടുമെത്തുന്നതോടെ വില്പന കൂടുമെന്നാണ് ജ്വല്ലറികളുടെ പ്രതീക്ഷ.ആഗോള വിപണിയില്‍ ഉണ്ടാകുന്ന വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് ആഗോള വിപണിയില്‍ വിലയിടിവിന് കാരണമായത്. വരും വര്‍ഷം ഇനിയും പലിശ കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സ്വര്‍ണവില ഇനിയും ഇടിയാനാണ് സാധ്യത.