പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി; അഴിമതിവിരുദ്ധ പോരാട്ടത്തിന് എതിരാണ് പ്രതിപക്ഷം; പാര്‍ട്ടിയേക്കാള്‍ വലുതാകണം രാജ്യം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. പ്രതിപക്ഷം എല്ലായ്‌പ്പോഴും അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എതിരാണ്. കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായാണ് പാര്‍ട്ടിയെ കണ്ടത്.ഇടതുപക്ഷം നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി കുറ്റപ്പെടുത്തി.നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ചൊല്ലി പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സ്തംഭിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രതികരണം.മുന്‍പ് 2ജി, കല്‍ക്കരി തുടങ്ങിയ അഴിമതിക്കെതിരെ അന്ന് പ്രതിപക്ഷമായിരുന്ന എന്‍ഡിഎ ഒരുമിച്ചു നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണു ഇന്നത്തെ പ്രതിപക്ഷം യോജിക്കുന്നതെന്നും മോദി പറഞ്ഞു.ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ജീവിത രീതിയാണ്. അത് അഴിമതി കുറയ്ക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ വിനിമയത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ ബിജെപി എംപിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും മോദി യോഗത്തില്‍ ആവശ്യപ്പെട്ടു.ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു മോദിയുടെ ആഹ്വാനം.നോട്ടുനിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ എംപിമാര്‍ ഒരാഴ്ച്ചക്കാലം തങ്ങളുടെ മണ്ഡലങ്ങളില്‍ ചെലവിടണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. രാജ്യത്ത് മാറ്റമുണ്ടാക്കാന്‍ ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. വേണ്ടത്ര ആലോചിച്ച ശേഷമാണ് സര്‍ക്കാര്‍ നോട്ടുപിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല പാര്‍ട്ടി എംപിമാര്‍ക്കാണെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.