പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ട്;ഭയത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടുന്നത്; തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് അഴിമതി പുറത്തുവരാതിരിക്കാനാണെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ട്. ഇക്കാര്യം സഭയില്‍ വിശദീകരിക്കാന്‍ തയാറാണ്. പക്ഷേ, തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് അഴിമതി പുറത്തുവരാതിരിക്കാനാണെന്നും രാഹുല്‍ പറഞ്ഞു. ഭയത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ നിന്നും മോദി ഒളിച്ചോടുന്നത്. മോദി അഴിമതി നടത്തിയതിന്റെ കൃതമായ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. താന്‍ സഭയില്‍ സംസാരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി ഒരുപോലെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ എനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തത്. തന്റെ കൈവശമുള്ളവിവരങ്ങള്‍ ലോക്‌സഭയില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേവലം ഒരു വ്യക്തി എന്ന നിലയില്‍ അല്ല ആരോപണം ഉന്നയിക്കുന്നത്. തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായ ബോധ്യത്തോടെയാണ് കാര്യങ്ങള്‍ പറയുന്നത് എന്ന ആമുഖത്തോടെയാണ് രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. പ്രധാനമന്ത്രി തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ സംസാരിച്ചാല്‍ ഊതി വീര്‍പ്പിച്ചതുപോലെയുള്ള മോദിയുടെ ‘ഇമേജ്’ തകരുമെന്ന് അദ്ദേഹം ഭയക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ട് നിരോധനവിഷയത്തില്‍ താന്‍ സഭയില്‍ സംസാരിച്ചാല്‍ അത് വലിയ ഭൂകമ്പമുണ്ടാക്കുമെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന്് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാടുമായി രാഹുല്‍ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു.