ബാലന്‍ ഡിഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്;ലയണല്‍ മെസ്സിയെ പിന്തള്ളി

പാരിസ്: ഫ്രാന്‍സ് ഫുട്ബാള്‍ മാഗസിന്‍ 2016ലെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളര്‍ക്ക് നല്‍കുന്ന ബാലന്‍ ഡിഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയെ പിന്തള്ളിയാണ് 31കാരനായ റൊണാള്‍ഡോ നാലാം തവണയും വിഖ്യാത പുരസ്‌കാരം സ്വന്തമാക്കിയത്. 2008, 2013, 2014 വര്‍ഷങ്ങളിലും റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.വോട്ടെടുപ്പില്‍ അന്റോയിന്‍ ഗ്രെയ്‌സ്മാന്‍ മൂന്നാമനായി.ലോകമെങ്ങുമുള്ള 173 സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ക്രിസ്റ്റിയാനോ പ്രധാന പങ്ക് വഹിച്ചിരുന്നു. പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടിയതും ക്രിസ്റ്റിയാനോയുടെ കരുത്തിലായിരുന്നു. ഈ രണ്ടു കിരീടനേട്ടങ്ങളും റോണോക്ക് പുരസ്‌കാരം ലഭിക്കാന്‍ തുണയായി.2010 മുതല്‍ ലോക ഫുട്ബാള്‍ സംഘടനയായ ഫിഫയുമായി ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്ന ബാലന്‍ ഡിഓര്‍ ഈ വര്‍ഷം മുതല്‍ മുമ്പത്തെപ്പോലെ ഫ്രാന്‍സ് ഫുട്ബാള്‍ മാഗസിന്‍ ഒറ്റക്കാണ് പ്രഖ്യാപിക്കുന്നത്. ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ജനുവരി ഒമ്പതിനാണ് പ്രഖ്യാപിക്കുക.

© 2024 Live Kerala News. All Rights Reserved.