പാല്‍മിറ നഗരം വീണ്ടും ഐഎസ് തിരിച്ചുപിടിച്ചു;വ്യോമാക്രമണം ശക്തമാക്കി റഷ്യ

പാല്‍മിറ: സിറിയന്‍ പൈതൃക നഗരമായ പാല്‍മിറ ഐഎസ് ഭീകരര്‍ വീണ്ടും തിരിച്ചുപിടിച്ചു. സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തിലാണ് മേഖലയില്‍ ഐ.എസ് ആധിപത്യം ഉറപ്പിച്ചത്. മേഖല തിരിച്ചുപിടിച്ചതായി ഐ.എസ് വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടിട്ടുണ്ട്. വാര്‍ത്ത സിറിയന്‍ മനുഷ്യാവകാശ സംഘടനയായ സിറിയ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും അവകാശപ്പെട്ടിട്ടുണ്ട്. എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് പാല്‍മിറ പിടിക്കാന്‍ കഴിഞ്ഞത് അടുത്തിടെ നേരിട്ടുകൊണ്ടിരുന്ന വന്‍ തിരിച്ചടികളില്‍ ഐഎസിന് നേട്ടമായി മാറിയിരിക്കുകയാണ്.യുനെസ്‌കോയുടെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള പാല്‍മിറാസ് നഗരം കേന്ദ്രീകരിച്ച് അടുത്തിടെ ഐഎസ് പോരാട്ടം കനപ്പിച്ചിരുന്നു. തിരിച്ചടിച്ച സിറിയന്‍ സൈന്യം തീവ്രവാദികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലൂം ശക്തമായി മുന്നോട്ട് കയറിയ ഐഎസ് അതിനെ മറികടന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സിറിയന്‍ സേന നഗരം പിടിച്ചത്. എന്നാല്‍ ശനിയാഴ്ച ഭീകരവാദികള്‍ അടുത്തെത്തിയെന്ന് പാല്‍മിറയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐഎസ് വിരുദ്ധ പാല്‍മിറ സഹകരണ സംഘം വ്യക്തമാക്കിയിരുന്നു.സിറിയന്‍ സേന റക്കയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച തക്കം നോക്കി അടിച്ച ഐഎസ് വടക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ ആക്രമണം കടുപ്പിക്കുകയായിരുന്നു. പത്ത് മാസം പിടിയിലായിരുന്ന സമയത്ത് ഐഎസ് തീവ്രവാദികള്‍ ഇവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക സമ്പത്തുകള്‍ നശിപ്പിച്ചിരുന്നു. 2000 വര്‍ഷം പഴക്കമുള്ള പുരാതന ക്ഷേത്രങ്ങളും സ്തൂപങ്ങളും തകര്‍ത്തു. സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ പിടിവിട്ടുപോയ ഐഎസിന് പാല്‍മിറ പിടിക്കാനായത് നേട്ടമായിരിക്കുകയാണ്. അതേസമയം സിറിയന്‍ വ്യോമസേന ഇപ്പോഴും ഇവിടെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിവരമുണ്ട്്. ഒരേ സമയത്ത് റക്കയിലും പാല്‍മിറയിലും പോരാട്ടം നടത്തേണ്ട സ്ഥിതിയിലാണ് സിറിയ ഇപ്പോള്‍.

© 2024 Live Kerala News. All Rights Reserved.