നോട്ട് പിന്‍വലിച്ചത് പാവങ്ങളെ സഹായിക്കാനാണെന്ന് നരേന്ദ്ര മോദി; ഭീകരവാദത്തിനെതിരായാണ് തന്റെ പോരാട്ടം;പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല; പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നു

അഹമ്മദാബാദ്: പാവങ്ങളെ സഹായിക്കാനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടി. നവംബര്‍ 8ന് മുന്‍പ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകള്‍. ഇന്ന് അവക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍ എന്നും മോദി പറഞ്ഞു.ഇതുവരെ സാധാരണക്കാരായിരുന്നു അഴിമതിയുടേയും കള്ളപ്പണത്തിന്റേയും ഭാരം പേറിയിരുന്നത്. തീവ്രവാദികളും നക്‌സലേറ്റുകളുമായിരുന്നു കള്ളപ്പണം കൊണ്ടുള്ള ഗുണം അനുഭവിച്ചിരുന്നത്. കള്ളപ്പണം കൊണ്ട് സാധാരണക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.നോട്ട് നിരോധനനം ഭീകരവാദികളെയും നക്‌സല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരായാണ് തന്റെ പോരാട്ടമെന്നും മോദി വ്യക്തമാക്കി. സത്യസന്ധരായ ജനങ്ങള്‍ കഴിഞ്ഞ 70 വര്‍ഷമായി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ സന്തോഷിക്കാത്തത് പാവപ്പെട്ടവരാണ്. അല്ലാതെ അഴിമതി ചെയ്യുന്നവരല്ല. നമ്മെക്കുറിച്ച് ചിന്തിക്കാതെ വരും തലമുറയ്ക്കുവേണ്ടി ചിന്തിക്കുന്നവരുടെ രാജ്യമാണിതെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികള്‍, ഇത്രയുമധികം അനുഭവസമ്പത്തുള്ള രാഷ്ട്രപതിയെപ്പോലും ദുഖിപ്പിക്കുന്നു. നോട്ടുപിന്‍വലിക്കല്‍ വിഷയത്തിലുള്ള ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ചര്‍ച്ചക്ക് തയാറാണെന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ അറിയിച്ചിട്ടുണ്ട്. ലോക് സഭയില്‍ സംസാരിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടാണ് താന്‍ ജനസഭയില്‍ സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷത്തിന് എന്നെ എതിര്‍ക്കാം. എന്നാല്‍ ജനങ്ങളെ ബാങ്കിങ് പഠിപ്പിക്കേണ്ട ആവശ്യമില്ല. കുറ്റക്കാരായ ഒരാളും രക്ഷപെടില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ബാങ്കിലോ എടിഎമ്മിലോ വരിനിന്നു സമയം കളയേണ്ട ആവശ്യമില്ല. എല്ലാവരും ഇ-വാലറ്റുകളിലൂടെയും ഇ-ബാങ്കിലൂടെയും ഇടപാടുകള്‍ നടത്തണം.

© 2024 Live Kerala News. All Rights Reserved.