ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യ സഹായിച്ചു;അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുടെ രഹസ്യ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: 2016ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ സഹായിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി. റഷ്യന്‍ ഗവണ്‍മെന്റുമായി ബന്ധമുള്ള വ്യക്തികള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണുമെതിരൊയി സൈബര്‍ ആക്രമണം നടത്തിയെന്നാണ് അമേരിക്കന്‍ ചാരസംഘടന കരുതുന്നത്. വിക്കീലിക്ക്‌സിന് ഹിലരിയുടേയും പാര്‍ട്ടി അംഗങ്ങളുടേയും ഡെമോക്രാറ്റിക് ബന്ധമുള്ളവരുടേയും ഇമെയ്‌ലുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തി നല്‍കിയത് ഈ റഷ്യന്‍ സര്‍ക്കാര്‍ ബന്ധമുള്ള വ്യക്തികളാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.റഷ്യന്‍ ഗവണ്‍മെന്റുമായി നേരിട്ടു ബന്ധമുള്ള വ്യക്തികള്‍ ട്രംപിന് അനുകൂലമായി പ്രവര്‍ത്തിച്ചതായും ഹില്ലരിയെ താഴ്ത്തിക്കെട്ടാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചതായും ഇന്റലിജന്‍സ് ഏജന്‍സി അധികൃതര്‍ പ്രതികരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് സെനറ്റേഴ്‌സിന് നല്‍കിയ വിശദീകരണത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച റഷ്യന്‍ ഇടപെടലിനെ കുറിച്ച് സിഐഎയുടെ വിലയിരുത്തല്‍ പുറത്ത് വന്നത്. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് വളരെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിനെ പരസ്യമായി പിന്തുണച്ച നിലപാടാണ് ട്രംപ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്.എന്നാല്‍ റഷ്യ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതായി കരുതുന്നില്ലെന്നും ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തലുകള്‍ തള്ളുന്നതായുമാണ് ട്രംപ് പ്രതികരിച്ചത്.

© 2024 Live Kerala News. All Rights Reserved.