രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങള്‍;പാര്‍ട്ടിങ് ഉദ്ഘാടന ചിത്രം

തിരുവനന്തപുരം:21ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു ഇന്ന് തിരിതെളിയും.നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഫെസ്്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിനു നല്‍കി പ്രകാശനം ചെയ്യും. എം.പിമാരായ ശശി തരൂര്‍, സുരേഷ് ഗോപി, കെ. മുരളീധരന്‍ എം.എല്‍.എ, അക്കാദമി ചെയര്‍മാന്‍ കമല്‍, ചെയര്‍ പേഴ്‌സ്ണ്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രമായ പാര്‍ട്ടിങ് പ്രദര്‍ശിപ്പിക്കും. മേളയുടെ പ്രമേയമായ അഭയാര്‍ഥി പ്രശ്‌നമാണ് ഉദ്ഘാടന ചിത്രത്തിന്റെ ഉള്ളടക്കം. അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൈഗ്രേഷന്‍, ലിംഗസമത്വം പ്രതിപാദിക്കുന്ന ജെന്‍ഡര്‍ ബെന്‍ഡര്‍, കെന്‍ ലോച്ചിന്റെ റിട്രോസ്‌പെക്ടീവ് വിഭാഗങ്ങളാണ് മേളയുടെ സവിശേഷത. 62 രാജ്യങ്ങളില്‍നിന്നുള്ള 185 സിനിമകള്‍ എട്ടുദിവസം നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. അഫ്ഗാന്‍ ഇറാനിയന്‍ ചിത്രം പാര്‍ട്ടിങ് ആണ് ഉദ്ഘാടനചിത്രം.രാജ്യന്തരമത്സരവിഭാഗത്തില്‍ 15, ലോകസിനിമാ വിഭാഗത്തില്‍ 81 എന്നിവയുണ്ട്. കണ്‍ട്രി ഫോക്കസില്‍ കസാക്കിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങളും ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ് വിഭാഗത്തില്‍ വാന്‍ഗോഗ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള ആറു സിനിമകളും ഉണ്ടാകും. ഹോമേജില്‍ അബ്ബാസ് കിയരോസ്തമി, ആന്ദ്രേ വെയ്ദ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍നിന്ന് രാജേഷ് പിള്ള, ശശിശങ്കര്‍, ടി.എ. റസാഖ്, എ. ഷെരീഫ്, കല്‍പ്പന, കലാഭവന്‍ മണി എന്നിവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 13 തിയറ്ററുകളിലായാണ് പ്രദര്‍ശനം. ടാഗോര്‍ തിയറ്റാണു മുഖ്യവേദി. ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരമാണെങ്കിലും രാവിലെ 10 മണിമുതല്‍ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനമുണ്ടാകും.മേളയുടെ ചരിത്രത്തിലാദ്യമായി 39 ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ചലച്ചിത്ര മേളയിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ ഭിന്നലിംഗക്കാര്‍ക്കായി ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക പേജില്‍ പ്രത്യേക സൗകര്യവുമുണ്ട്. വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തനത് കലാരൂപങ്ങള്‍ക്ക് നാളെ മുതല്‍ 15 വരെ വൈകുന്നേരം 7.30 ന് ടാഗോര്‍ തീയേറ്റര്‍ വേദിയാകും. നാടന്‍ പാട്ടുകള്‍, തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, ചവിട്ടുനാടകം, അറബന മുട്ട് തുടങ്ങിയ കലാരൂപങ്ങളാണ് അരങ്ങേറുന്നത്. ഇക്കുറി മേളയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായി ഉപ യോഗപ്പെടുത്തിയിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.