2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി; ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനം; ലക്ഷ്യം കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുക

ന്യൂഡല്‍ഹി:കാര്‍ഡ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സേവന നികുതികള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 രൂപവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവന നികുതി ഒഴിവാക്കി.ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ നീക്കം. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. നിലവില്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് 15 ശതമാനമാണ് നികുതി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതുസംബന്ധിച്ച ഉത്തരവ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിക്ക് പിന്നാലെ രാജ്യത്ത് കടുത്ത ചില്ലറക്ഷാമം അനുഭവപ്പെട്ടിരുന്നു. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. പണം പിന്‍വലിക്കുന്നതിനുവേണ്ടി രാജ്യത്തെ ജനങ്ങള്‍ക്ക് ദീര്‍ഘനേരം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഇനിയും പൂര്‍ണമായും മാറിയിട്ടില്ല. കഴിഞ്ഞ മാസം എട്ടിനു പ്രധാനമന്ത്രി പ്രഖ്യാപിച്ച നടപടി ഒരു മാസം തികയ്ക്കുമ്പോള്‍, 11.85 ലക്ഷം കോടി രൂപ തിരിച്ചെത്തിയെന്നാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയത്. അസാധുവായ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഈ മാസം 30 വരെ സമയം ബാക്കിയുണ്ട്. മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് 1000, 500 രൂപ നോട്ടുകളെന്നാണു സര്‍ക്കാരിന്റെ കണക്ക്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (സിഎംഐഇ) വിലയിരുത്തലനുസരിച്ച്, കഴിഞ്ഞ മാസം എട്ടുമുതല്‍ ഈ മാസം 30 വരെയുള്ള 50 ദിവസത്തില്‍ പദ്ധതിമൂലമുണ്ടാകുന്ന ചെലവ് 1.28 ലക്ഷം കോടി രൂപയാണ്.

© 2024 Live Kerala News. All Rights Reserved.