വളര്‍ത്തുനായ കങ്കാരുവിന്റെ പിടിയില്‍; നായയുടെ രക്ഷകനായി മനുഷ്യന്‍; വൈറലായ വീഡിയോ കാണാം

ന്യൂ സൗത്ത്‌വേല്‍സ്: കങ്കാരുവിന്റെ പിടിയില്‍ നിന്ന് വളര്‍ത്തുനായയെ മനുഷ്യന്‍ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. രണ്ടു കോടിയിലധികം പേരാണ് ഇതുവരെ ഈ വീഡിയോ യുട്യൂബില്‍ കണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത്‌വേല്‍സിലാണ് സംഭവം.പതിവ് വേട്ടസവാരിക്കിടെയാണ് ഗ്രെയ്ഗ് ടോംഗിന്‍സ് എന്നയാള്‍ തന്റെ മാക്‌സ് എന്ന നായ കങ്കാരുവിന്റെ പിടിയിലായത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് നായയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. ആദ്യം നായയെ വിടാതിരുന്ന കങ്കാരു നായയെ വിട്ട് ഗ്രെയ്ഗിനു നേരെ തിരിഞ്ഞു. ഗ്രെയ്ഗ് ഉടന്‍ ബോക്‌സിംഗ് സ്‌റ്റൈലില്‍ കങ്കാരുവിന്റെ മുഖത്ത് അടിച്ചു. അടിയേറ്റ കങ്കാരു ഒന്നു പകച്ചു. തിരിച്ചടിക്കാനെന്ന മട്ടില്‍ ഒരു നിമിഷം കങ്കാരു നിന്നെങ്കിലും രണ്ടാമതൊരു ആലോചനയില്‍ അത് വേണ്ടന്നുവെച്ച് പിന്‍തിരിയുന്നു.വാഹനത്തില്‍ ഇരുന്ന സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. നായയെ രക്ഷിക്കാനുള്ള മനുഷ്യന്റെ ഇടപെടലിനെ പുകഴ്ത്തിക്കൊണ്ടാണ് പലരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നതെങ്കിലും കങ്കാരുവും മനുഷ്യനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന നാടകീയ നിമിഷങ്ങളാണ് ഈ വീഡിയോയെ രസകരമാക്കുന്നത്.

 

© 2024 Live Kerala News. All Rights Reserved.