നോട്ട് പിന്‍വലിക്കല്‍; 11.85 ലക്ഷം കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തി; മൂന്ന് ലക്ഷം കോടി തിരിച്ചെത്തില്ലെന്ന പ്രതീക്ഷ പാളുന്നു

ന്യുഡല്‍ഹി:500,1000 നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ പിന്‍വലിച്ച നോട്ടുകളുടെ 80 ശതമാനവും ബാങ്കുകളിലേക്കു തിരിച്ചെത്തിയെന്നു റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. അസാധുവായ നോട്ടുകള്‍ പിന്‍വലിക്കാന്‍ മൂന്ന് ആഴ്ചകള്‍ കൂടി ബാക്കി നില്‍ക്കേ 11.85 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 30 വരെ സമയം ബാക്കി നില്‍ക്കുമ്പോള്‍ 500,100 നോട്ടുകളുടെ 80 ശതമാനം കറന്‍സികളും തിരികെ വന്നെന്നാണ് കണക്കാക്കിയിരിക്കുന്നത്. കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു പങ്ക് ബാങ്കിലെത്താതെ അസാധുവാക്കപ്പെടും എന്ന സര്‍ക്കാറിന്റെ പ്രതീക്ഷയാണ് ഇതോടെ തെറ്റുന്നത്.ഇതില്‍ ഏകദേശം മൂന്ന് ലക്ഷം കോടിയെങ്കിലും തിരികെ വരാന്‍ സാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. ഏകദേശം രണ്ടരലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ലെന്ന് എസ്ബിടിയുടെ സാമ്പത്തിക വിഭാഗവും വ്യക്തമാക്കിയിരുന്നു. പദ്ധതി വിജയമായോ എന്നറിയാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നിരിക്കെ കറന്‍സി അസാധുവാക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് ആര്‍ബിഐ യും പറയുന്നു. ഇതുവരെ അസാധുവാക്കപ്പെട്ട 12 ലക്ഷം കോടി രൂപ മതിക്കുന്ന നോട്ടുകള്‍ ആര്‍ബിഐയില്‍ തിരികെയെത്തിയതായി ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പറയുന്നു. നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ആവശ്യത്തിന് പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.