ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍; അമ്മയെ ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍; സംസ്‌കാരം മറീനബീച്ചിലെ എംജിആര്‍ സമാധിക്കടുത്ത്

ചെന്നൈ:തമിഴകത്തെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നു. ജയലളിതയുടെ ഭൗതികശരീരം വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു പൊതുദര്‍ശനത്തിനായി രാജാജി ഹാളിലേക്കു മാറ്റി. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്‌നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. വൈകിട്ടു നാലു വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്‌കാരത്തിനായി മറീനയിലേക്കു കൊണ്ടുപോകുക. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക. പൊതുദര്‍ശനം നടക്കുന്ന രാജാജി ഹാളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും പലപ്പോഴും എഐഡിഎംകെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തും തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ ഒരുനോക്ക് കാണാനായി തിരക്ക് കൂട്ടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിങ്ങനെ ദേശീയസംസ്ഥാന രാഷ്ട്രീയത്തിലെ നിരവധി പേര്‍ ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരുമെന്നാണ് അറിയുന്നത്.ജനകീയ നേതാവ് നഷ്ടപ്പെട്ടെന്നായിരുന്നു ജയലളിതയുടെ നിര്യാണത്തെക്കുറിച്ച് രാഷ്ട്രപതിയുടെ പ്രതികരണം. രാഷ്ട്രീയത്തിലെ നികത്താനാകാത്ത വിടവെന്നും പാവങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു ജയലളിതയെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.രണ്ടരമാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ജയലളിതയുടെ അന്ത്യം. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. രോഗം ഭേദപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. സെപ്തംബര്‍ 22നാണ് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

© 2024 Live Kerala News. All Rights Reserved.