തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിടവാങ്ങി; അന്ത്യം അപ്പോളോ ആശുപത്രിയില്‍;തമിഴ്‌നാട് കനത്ത സുരക്ഷയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത (68) അന്തരിച്ചു. ഇന്നലെ രാത്രി 11:30നാണ് മരണം സ്ഥിരീകരിച്ചു കൊണ്ട് അപ്പോളോ ആശുപത്രി അവസാനത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.ചെന്നൈയിലെ അപ്പോളോ ആശുപത്രി
യിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരണവാര്‍ത്ത പുറത്തു വിടും മുന്‍പേ തന്നെ പ്രമുഖ എ.ഐ.ഡി.എം.കെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവരും ആശുപത്രിയില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനത്തേക്ക് തിരിച്ചതോടെ അണികളടക്കം മരണം ഉറപ്പിച്ചിരുന്നു. ജയയുടെ മൃതദേഹം ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലാണ് ആദ്യം എത്തിച്ചത്. ഇവിടെ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് അന്തിമോപചാരം അര്‍പിക്കാന്‍ അവസരമൊരുക്കും. ഇപ്പോള്‍ മൃതദേഹം രാജാജി ഹാളില്‍ പൊതുതര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌ക്കാരം വൈകിട്ട് നടക്കും. ചെന്നൈ മറീനാ ബീച്ചിലെ എംജിആര്‍ സ്മാരകത്തിന് സമീപമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏഴ് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

© 2024 Live Kerala News. All Rights Reserved.