തമിഴ്‌നാട് അതിര്‍ത്തിയില്‍ പണം വെളുപ്പിക്കല്‍ സംഘങ്ങള്‍ വ്യാപകം;പഴയ നോട്ടുകള്‍ മാറിനല്‍കുന്നത് 30 ശതമാനത്തിന് മുകളില്‍ കമ്മീഷന്‍ വാങ്ങി; പഴയ നോട്ടുകള്‍ക്ക് പകരമായി 2000ന്റെയും 100ന്റെയും നോട്ടുകള്‍ നല്‍കുന്നു

കട്ടപ്പന:കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ അസാധുവാക്കിയ 500,1000 നോട്ട് വെളുപ്പിക്കല്‍ സംഘങ്ങള്‍ വ്യാപകമാവുന്നു. മുപ്പത് ശതമാനമോ അതിന് മുകളിലോ കമ്മീഷന്‍ വാങ്ങിയാണ് പഴയ നോട്ടുകള്‍ സംഘങ്ങള്‍ മാറ്റി നല്‍കുന്നത്. മലഞ്ചരക്കുവ്യാപാരികള്‍, എസ്റ്റേറ്റ് ഉടമകള്‍, വന്‍കിട കര്‍ഷകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.അസാധുവാക്കിയ പഴയ നോട്ടുകള്‍ക്ക് പകരമായി പുതിയ 2000 ന്റെയും 100ന്റെയും നോട്ടുകളും സ്വര്‍ണവുമാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്. ഹൈറേഞ്ച് മേഖലയിലുള്ള സ്വര്‍ണവ്യാപാരികളില്‍ ചിലരും നോട്ടുവെളുപ്പിക്കലില്‍ കണ്ണികളാണ്. ഇടപാടുകാര്‍ക്ക് പണത്തിന് പകരം സ്വര്‍ണം കൈമാറാന്‍ മാഫിയസംഘങ്ങള്‍ക്ക് ഇവര്‍ സഹായം നല്‍കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകള്‍വഴി എത്തുന്ന രണ്ടായിരത്തിന്റെയും നൂറിന്റെയും നോട്ടുകളാണ് വിതരണം ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.