ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍നേട്ടം; ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു വന്‍ നേട്ടം. ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, നഗരസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി 23 സീറ്റുകളും കോണ്‍ഗ്രസ് 8 സീറ്റുകളും നേടി. സൂറത്ത്, കനകപുര്‍,കന്‍സാദ് നഗരസഭകളില്‍ ബിജെപി 27 സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. വാപി നഗരസഭയില്‍ ബിജെപി 41 സീറ്റുകളും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും നേടി.പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടം ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലെ വിജയം, ജനങ്ങള്‍ വികസനത്തിനൊപ്പമാണെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു.പാവങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ നല്‍കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.