ബിജെപി ജനപ്രതിനിധികളുടെ അക്കൗണ്ട് വിവരങ്ങള്‍ ആശ്യപ്പെട്ട് പ്രധാനമന്ത്രി;നോട്ട് അസാധുവാക്കിയ ദിനം മുതലുള്ള ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കണം

ന്യൂഡല്‍ഹി:500ന്റെയും 1000ന്റെയും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ജനപ്രതിനിധികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്് .പാര്‍ലമെന്റ് എംപിമാരും സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.ജനുവരി ഒന്ന് ആണ് വിശദാംശങ്ങള്‍ നല്‍കേണ്ട സമയപരിധി. ഡല്‍ഹിയില്‍ ഇന്ന് നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ആവശ്യം ഉന്നയിച്ചത്.കള്ളപ്പണക്കാര്‍ക്ക് ഒരവസരം കൂടി നല്‍കുന്ന വിധത്തില്‍ ആദായ നികുതി നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാര്‍ലമെന്റില്‍ വെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച കണക്കില്ലാത്ത പണത്തിന് നികുതിയും പിഴയും അധികനികുതിയും അടക്കം 50 ശതമാനം പിഴ ഈടാക്കാനാണ് ബില്ലില്‍ വ്യവസ്ഥ. കണക്കില്ലാ നിക്ഷേപം കണ്ടെത്തിയാല്‍ 85 ശതമാനമായിരിക്കും പിഴ.നവംബര്‍ എട്ടിന് തീര്‍ത്തും അപ്രതീക്ഷിതമായി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്ക് ഈ തീരുമാനത്തിന്റെ പേരില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരു പോലെ നേരിടേണ്ടി വന്നിരുന്നു.നോട്ട് പിന്‍വലിക്കല്‍ തീരുമാനം ബിജെപിക്ക് വേണ്ടപ്പെട്ടവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതുവഴി ബിജെപി നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം ബിജെപി നിഷേധിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.