ആലപ്പുഴ: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മോദി ചെയ്തതുപോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. മറ്റിടങ്ങളിലുള്ളതുപോലുള്ള മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ട. അഭിപ്രായം പറയുന്നവരെ കൊല്ലാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ഇന്നലെയാണ് നിലമ്പൂര്‍ കരുളായിപടുക്ക വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവെച്ചുകൊന്നത്. മാവോവാദി നേതാവായ കുപ്പുദേവരാജ്, അജിത എന്നിവരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മരിച്ച കുപ്പു ദേവരാജിന്റെയും അജിതയുടേയും മൃതദേഹം കാടിനു പുറത്ത് പടുക്ക ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും. സിപിഐഎമ്മോ, കോണ്‍ഗ്രസോ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. നിലമ്പൂര്‍ വനമേഖലയില്‍ പൊലീസിന് നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായുളള ഏറ്റുമുട്ടലാണ് അവിടെ നടന്നതെന്നാണ് മുഖ്യമന്ത്രി പിണറായി നല്‍കിയ വിശദീകരണം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു.