മനോജ് വധക്കേസ്: പി ജയരാജന്റ അറസ്റ്റ് ദിവസങ്ങള്‍ക്കകം.. ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതോടെ ജയരാജന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനകളാണ് സിബിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. നേരത്തെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിപാഷകരെ വീട്ടില്‍ വിളിച്ചു വരുത്തി ജയരാജന്‍ നിയമോപദേശം തേടിയിരുന്നു.

ജയരാജന്റെ അറസ്റ്റോടെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ വന്‍തോതില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബിജെപി, ആര്‍.എസ്എസ് കാര്യാലയങ്ങള്‍ക്ക് നേരേയും നേതാക്കള്‍ക്ക നേരേയും ആക്രമണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വൈകുന്നതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. പ്രതിപ്പട്ടികയില്‍ പേര് ചേര്‍ത്താലുടന്‍ അറസ്റ്റുണ്ടാകും.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ കോയമ്പത്തൂര്‍ കമ്പനിയല്‍ നിന്നുള്ള ഇന്റലിജന്‍സ് വിങ് സംഘര്‍ഷ സാധ്യത മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. അറസ്റ്റോടെ ഈ മേഖലകളില്‍ ആര്‍.എ.എഫിനെ വിന്യസിക്കുമെന്നാണ് വിവരം.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ണൂര്‍ വലിയ സംഘര്‍ഷത്തിനാണ് വേദിയായത്.

നേരത്തെ ജയരാജനെ തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ഓഫീസില്‍ വിളിച്ചു വരുത്തി 5 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പി ജയരാജന്‍ ഉള്‍പ്പടെയുള്ള മൂന്ന് സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ച് നേരത്തെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.