നോട്ട് അസാധുവാക്കിയ നടപടി ചരിത്രപരമായ വീഴ്ച;സംഘടിത കൊള്ളയാണ് ഇതിലൂടെ നടക്കുന്നത്;നരേന്ദ്ര മോദിയെ സാക്ഷിനിര്‍ത്തി മന്‍മോഹന്‍ സിങ്ങിന്റെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹിന്മ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു ധനകാര്യ വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. നോട്ട് അസാധുവാക്കിയ നടപടി ചരിത്രപരമായ വീഴ്ചയാണ്.രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ നരേന്ദ്രമോഡിയെ സാക്ഷി നിര്‍ത്തിയാണ് മുന്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്്്. സംഘടിത കൊള്ളയാണ് ഇതിലൂടെ നടക്കുന്നതെന്നും ധനകാര്യ മാനേജുമെന്റിലെ അതിഭീമ പരാജയമാണ് ഇതെന്നും മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.നോട്ട് അസാധുവാക്കിയ നടപടിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ കഷ്ടതകള്‍ കണക്കിലെടുത്തേ തീരൂവെന്ന് മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. എല്ലാം ശരിയാക്കാന്‍ 50 ദിവസത്തെ സമയം തരൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ചെറിയൊരു കാലയളവായി തോന്നാമെങ്കിലും രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രായോഗികമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ മന്‍മോഹന്‍ സിങ്, രാജ്യത്തിന് വരുത്തിവച്ചേക്കാവുന്ന നഷ്ടങ്ങളും അക്കമിട്ടു നിരത്തി. നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം രാജ്യത്തിന്റെ ജിഡിപിയില്‍ രണ്ടു ശതമാനം കുറവുണ്ടാക്കും. ഇവിടുത്തെ കാര്‍ഷിക മേഖലയേയും ഇത് പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലും കറന്‍സിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാക്കാന്‍ ഈ തീരുമാനം വഴിവയ്ക്കും. ജനങ്ങള്‍ പണം നിക്ഷേപിച്ചിട്ട് അത് തിരിച്ചെടുക്കാന്‍ സാധിക്കാത്ത മറ്റൊരു രാജ്യത്തിന്റെ പേരുപറയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോ എന്നും മന്‍മോഹന്‍ സിങ് ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.