വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പൊലീസ്; പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ല;ശാസ്ത്രീയമായി തെളിവുകളും ലഭിച്ചില്ല ; തുടരന്വേഷണം കോടതി നിര്‍ദേശിച്ചാല്‍ മാത്രം

തൃശ്ശൂര്‍ : സിപിഎം കൗണ്‍ലര്‍ പി.എന്‍ ജയന്തന്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പൊലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും കേസില്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി.പീഡനം നടന്ന് രണ്ടു വര്‍ഷം പിന്നിട്ട ശേഷമാണ് ആരോപണവുമായി പരാതിക്കാരി എത്തിയത് എന്നതിനാല്‍ കേസിലെ ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാതായി. അതുകൊണ്ടു തന്നെ കേസില്‍ 20 ദിവസം അന്വേഷണം പിന്നിട്ടിട്ടും പീഡനം നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ജയന്തന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന നിലപാടിലാണ് പൊലീസ്.പരാതിക്കാരി കോടതിയില്‍ പോകുകയോ അത്തരം ഇടപെടലുകള്‍ ഉണ്ടാകുകയോ ചെയ്താല്‍ മാത്രം കൂടുതല്‍ അന്വേഷണം മതിയെന്ന നിലപാടിലാണ് ഇക്കാര്യത്തില്‍ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ കേസില്‍ പ്രതി ജയന്തന്റെ അറസ്റ്റ് ഉണ്ടാകുകയുള്ളൂ.നടി ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടയാണ് പീഡന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് അടുത്തിടെ പത്രസമ്മേളനം നടത്തിയാണ് പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും പീഡനവിവരം പുറത്തുവിട്ടത്. കേസ് ലോക്കല്‍ പോലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.