തന്റെ നിലപാടുകള്‍ക്ക് മലയാളസിനിമയേക്കാള്‍ നിലവാരമുണ്ട് : നോവലിസ്റ്റ് എം.പി.അംബുജാക്ഷന്‍

 

jam

പി.ജിംഷാര്‍ എഴുതുന്നു…

സാമ്പ്രദായിക സിനിമാശീലങ്ങള്‍ക്ക് നേരെയുള്ള ഒരു കൂവലാണ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. പടച്ചുവിടുന്ന കഥാസന്ദര്‍ഭങ്ങളുടെ ശീലക്കേടുകളെ കണക്കറ്റ് പരിഹസിക്കുന്ന ചാക്യരുടെ ആഖ്യാന മാതൃകയുടെ പുതുരൂപമാണ് ഈ സന്തോഷ് വിശ്വനാഥ് ചിത്രം എന്ന് നിസ്സംശയം പറയാം. ‘ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍’, ലൈലാ ഒ ലൈലാ, നീന തുടങ്ങിയ സമകാലിക ക്ലീഷേ സിനിമകളുടെ ഇടയില്‍ ചിറകൊടിഞ്ഞ കിനാവുകള്‍ തല ഉയര്‍ത്തി തന്നെ നില്‍ക്കുന്നുണ്ട്.
സൃഷ്ടാവിനെ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങള്‍ മുതല്‍ എന്തിനാണ് സൃഷ്ടി എന്ന ചോദ്യം വരെ ചിറകൊടിഞ്ഞ കിനാവുകള്‍ മുന്നോട്ട് വെക്കുന്നു. തന്നെ സങ്കര്‍ഷാവസ്ഥയിലേക്കും കൃത്രിമവും ക്ലീഷേയുമായ സിനിമാലോകത്തേക്ക് തള്ളിയിട്ട എഴുത്തുകാരനെ വിചാരണ ചെയ്യുന്ന സുമതി എന്ന കഥാപാത്രത്തിന്റേയും അംബുജാക്ഷന്‍ എന്ന തിരക്കഥാകൃത്തിന്റേയും ജീവിതകഥയാണ് ചിറകൊടിഞ്ഞ കിനാവുകളിലൂടെ ദൃശ്യവല്‍ക്കരിക്കപ്പെട്ടിട്ടുള്ളത്. വാക്കൊന്ന് മുറിഞ്ഞുപോയാല്‍, എഴുത്തുകാരന്റെ ജാഗ്രതയ്ക്കും ജീവിതവീക്ഷണത്തിനും ഇടിവ് തട്ടിയാല്‍ കഥാപാത്രങ്ങള്‍ സൃഷ്ടാവിന് മേല്‍ ആധിപത്യം സ്ഥാപിക്കും. ഉദാസീനമായ എഴുത്തുകള്‍, സൃഷ്ടാവിന്റെ കുറ്റകരമായ മൗനങ്ങളും മയക്കങ്ങളും കഥയേയും കഥാപാത്രങ്ങളേയും ലക്ഷ്യബോധമില്ലാത്തവരും നിയന്ത്രണരഹിതരുമാക്കി മാറും. സൃഷ്ടിക്കിടയിലെ ചെറിയൊരു ഉദാസീനത മതി കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും ഇല്ലായ്മ ചെയ്യാന്‍. ചുരുക്കത്തില്‍വാക്കൊന്ന് മുറിഞ്ഞുപോയാല്‍ എഴുത്തിനിടയ്ക്ക് രചയിതാവൊന്ന് മയങ്ങിപ്പോയാല്‍ കഥാവഴികളേയും കഥാപാത്രങ്ങളേയും നിയന്ത്രിക്കുക വളരെ അധികം ബുദ്ധിമുട്ടുള്ള പ്രവൃത്തിയാകും. ഇത്തരം ഒരു ഭയമാണ് ചിറകൊടിഞ്ഞ കിനാവിലെ അംബുജാക്ഷനെ പിന്‍തുടരുന്നത്. വ്യാസന്‍ മുതല്‍ അംബുജാക്ഷന്‍ വരെ അനുഭവിക്കുന്ന സൃഷ്ടിയോട്ബന്ധപ്പെട്ട ഈയൊരു ദു:ഖം ഇതിന് മുമ്പ് നത്തോലി ഒരു ചെറിയ മീനല്ല എന്ന വി.കെ .പ്രകാശ് ചിത്രത്തില്‍ പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്. ക്ലീഷേകളെ കളിയാക്കുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള സങ്കര്‍ഷം ചിത്രീകരിക്കാന്‍ നത്തോലിയുടെ മാതൃക സ്വീകരിച്ചത് ലക്ഷണമൊത്ത ഒരു ക്ലീഷേ പരിപാടി തന്നെയാണെന്ന് പറയാതെ വയ്യ.

chira 3
ഒരിക്കലും പറച്ചില്‍ നിറുത്താതെയിരുന്നാല്‍ താന്‍ മുഴുവന്‍ എഴുതി എടുത്തോളാം എന്ന ഗണപതിയുടെ വാക്കിന്റെ പുറത്താണ് വ്യാസനില്‍ നിന്നും മഹാഭാരതം പിറവിയെടുക്കുന്നത്. ഇതേ രീതിശാസ്ത്രം ചിറകൊടിഞ്ഞ കിനാവിന്റെ പിറവിയ്ക്ക് പിന്നിലും വര്‍ത്തിക്കുന്നുണ്ട്. പണത്തിനും പ്രതാപത്തിനും മുമ്പില്‍ തന്നെ നിരാകരിച്ച് പോയ സുമതിയോടുള്ള പ്രണയമാണ് അംബുജാക്ഷനെ നോവലിസ്റ്റും പിന്നീട് ഒരിക്കലും നടക്കാത്ത സിനിമയുടെ തിരക്കഥാകൃത്തുമാക്കി മാറ്റുന്നത്. നഷ്ടപ്പെട്ട്‌പോയ കാമുകിയെ വെള്ളിത്തിരയിലെങ്കിലും സ്വന്തമാക്കുക എന്ന നോവലിസ്റ്റ് അംബുജാക്ഷന്റെ മോഹം കഥാപാത്രത്തിന്റെ സമ്മര്‍ദ്ദത്തിനും ജീവിതയാഥാര്‍ത്യത്തിന്റെ മൂല്ല്യബോധത്തിനും വഴിപ്പെട്ട് ഒരിക്കലും നടക്കാത്ത സ്വപ്‌നമായി അവശേഷിക്കുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞത് നോവലിസ്റ്റ് അംബുജാക്ഷനെ ഉദ്ദേശിച്ചായിരിക്കും എന്ന് ചിറകൊടിഞ്ഞ കിനാവുകള്‍ കണ്ടപ്പോഴാണ് ബോധ്യപ്പെട്ടത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതി ചിറകൊടിഞ്ഞ കിനാവുകള്‍ ന്യൂജനറേഷന്‍സിനിമാകാലത്ത് സിനിമയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് അംബുജാക്ഷന്‍ എന്ന മലയാളനോവലിസ്റ്റ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരക്കഥാരചനയിലേക്ക് വീണ്ടും വരാന്‍ ഒരിക്കല്‍ പരാജയപ്പെട്ട അംബുജാക്ഷനെ പ്രേരിപ്പിക്കുന്നത് ന്യൂജനറേഷന്‍കാലത്തെ തിരക്കഥാദാരിദ്രമാണെന്ന് ചിറകൊടിഞ്ഞ കിനാവിന്റെ അണിയറശില്‍പ്പികള്‍ പറഞ്ഞുവെക്കുന്നുണ്ട്. ഉസ്താദ്‌ഹോട്ടല്‍ അടക്കമുള്ള കൊട്ടിഘോഷിക്കപ്പെട്ട ഒട്ടുമിക്കവാറും എല്ലാചിത്രങ്ങളും ക്ലീഷേയുടെ കൂമ്പാരമാണെന്ന് പരിഹസിക്കുകയാണ് അംബുജാക്ഷനും സംഘവും.
സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂജനറേഷനായാലും ലക്ഷണമൊത്ത പൈങ്കിളിക്കഥകളുടെ ആവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് ചിറകൊടിഞ്ഞ കിനാവുകള്‍ കുറ്റപ്പെടുത്തുന്നു. ഒരു കാലത്ത് ‘മാ’ പ്രസിദ്ധീകരണങ്ങളില്‍ വന്നുകൊണ്ടിരുന്ന അല്ലെങ്കില്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന പൈങ്കിളി കഥകളുടെ ഭാവുകത്വം മാത്രമുള്ള ചിത്രങ്ങളാണ് ഇപ്പോഴും മലയാളസിനിമയിലെ ഹിറ്റുകളും മെഗാഹിറ്റുകളും എന്ന് സന്തോഷ് വിശ്വനാഥനും സംഘവും വിലയിരുത്തുന്നു. ഇത്തരത്തില്‍ ഒരു ഹിറ്റ് ചിത്രം നിര്‍മ്മിക്കുന്നതിനേക്കാല്‍ നല്ലത് അത്തരം ചലച്ചിത്രസംരഭങ്ങളോട് നോ പറയുകയാണ് ധീരത എന്ന് അടിവരയിട്ടുകൊണ്ട് ചിറകൊടിഞ്ഞ കിനാവുകള്‍ അവസാനിക്കുന്നു. ഉപേക്ഷിക്കപ്പെട്ട തിരക്കഥകളാണ് താന്‍ മലയാളസിനിമയ്ക്ക് നല്‍കിയ സംഭാവനയെന്ന ശ്രീനിവാസന്റെ വാക്കും ആട് തിന്ന ബഷീറിന്റെ നോവലിനേയും ഓര്‍മ്മിപ്പിക്കുന്ന ക്ലൈമാക്‌സോടെ ചിറകൊടിഞ്ഞ കിനാവെന്ന സ്പൂഫിന് ചിത്രം അവസാനിക്കുന്നു. ഇങ്ങനെ, മഹത്വരമെന്ന് വാഴ്ത്തി കൊണ്ടാടപ്പെടുന്ന സിനിമകളെ വിലയിരുത്താന്‍ അംബുജാക്ഷന്റേയോ സാഗര്‍ കോട്ടപ്പുറത്തിന്റേയോ വാക്കുകള്‍ കടമെടുക്കണമെന്ന് വ്യക്തമായ ധാരണ തിരക്കഥാകൃത്ത് പ്രവീണ്‍ എസ്സിനും സംവിധായകന്‍ സന്തോഷ് വിശ്വനാഥനും ഉണ്ട്. അയാള്‍ കഥയെഴുതുകയാണ് എന്ന കമല്‍ ചിത്രത്തിലെ പൈങ്കിളി സാഹിത്യകാരന്റെ വാക്കുകളെ കടമെടുത്ത് മാത്രം വിലയിരുത്താന്‍ കഴിയുന്ന ചിത്രങ്ങളാണ് മലയാളത്തില്‍ പിറന്നുവീഴുന്നത്. ഏതൊരു കഥയ്ക്കും ഒരു സ്ഥിരം രസക്കൂട്ടുണ്ട്. നായകന്‍ പാവപ്പെട്ടവനാണെങ്കില്‍ നായിക പണക്കാരിയായിരിക്കും. ഇനി മറ്റൊരു കഥയില്‍ നായകന്‍ പണക്കാരനാണെങ്കില്‍ നായിക പാവപ്പെട്ടവളായിരിക്കും. ഒരിക്കല്‍ കശുവണ്ടി ഫാക്ടറിയില്‍ നടന്ന കഥ പിന്നീട് മറ്റൊരു പശ്ചാത്തലത്തില്‍ പുനരാവിഷ്‌ക്കരിക്കപ്പെടും. ഇവിടെ അത് തയ്യല്‍ക്കടിയില്‍ ആണെന്ന് മാത്രം. ഇതൊന്നും മനസ്സിലാകാത്ത കിഴങ്ങന്മാരാണ് തന്റെ വായനക്കാരെന്ന സാഗര്‍കോട്ടപ്പുറത്തിന്റെ പരിഹാസം മലയാളിപ്രേക്ഷകനും ചേരുമെന്ന് പറയാതെ പറയുകയാണ് ചിറകൊടിഞ്ഞ കിനാവുകളുടെ അണിയറ ശില്‍പ്പികള്‍.
ലേബര്‍ റൂമിന് മുമ്പില്‍ ഉലാത്തുന്ന ഭര്‍ത്താവും നായകന്റെ പൊട്ടനായ കൂട്ടുകാരനും ഒളിച്ചോടാന്‍ മകള്‍ക്ക് കൂട്ടുനില്‍ക്കുന്ന അമ്മയും അന്ധരെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന നായികയും സ്ഥിരം വരിക്കാശ്ശേരി മനയുമടക്കമുള്ള വാര്‍പ്പുമാതൃകകളെ വിശുദ്ധവല്‍ക്കരിക്കുന്നതിനെ ചിറകൊടിഞ്ഞ കിനാവുകള്‍ എതിര്‍ക്കുന്നുണ്ട്. സവര്‍ണ്ണതയുടെ ഒറ്റപ്പാലം മോഡല്‍ സിനിമകളെ പരിഹസിക്കുന്നതോടൊപ്പം ആശുപത്രി രംഗങ്ങളിലെ അസ്വാഭാവികതകളേയും ഈ ചിത്രം വലിച്ചുകൂറി ഭിത്തിയിലൊട്ടിക്കുന്നുണ്ട്. കളിയും ചിരിയും വര്‍ണ്ണപ്പകിട്ടുമുള്ള സിനിമാആശുപത്രികള്‍ക്ക് നേരെ രുക്ഷമായ വിമര്‍ശനമാണ് ചിറകൊടിഞ്ഞ കിനാവുകള്‍ മുന്നോട്ട് വെക്കുന്നത്. ക്ലൈമാസില്‍ സമ്പന്നനാകുന്ന നായകന്‍, പ്രധാനമന്ത്രിയുടെ കോട്ട് തുന്നാന്‍ അവസരം ലഭിക്കുന്ന പ്രതിഭയായ തയ്യല്‍ക്കാരന്‍, വില്ലനും വരിക്കാശ്ശേരി മനക്കാരനുമായ നായികയുടെ അച്ഛന്‍, യു.കെ.ക്കാരന്‍ വില്ലന്‍, നായകനെ എന്തിനോ വേണ്ടി ജീവന് തുല്ല്യം സ്‌നേഹിക്കുന്ന നായിക……ഇങ്ങനെ എല്ലാത്തരം ചേരുവകളേയും കളിയാക്കുമ്പോള്‍ കല്ല്യാണരാമന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഉസ്താദ് ഹോട്ടല്‍, തുടങ്ങി നിരവധി മലയാളസിനിമകളിലെ ക്ലീഷേകള്‍ വിമര്‍ശിക്കപ്പെടുന്നു.
സി.എസ്.അമുദന്റെ (ഇ.ട.അാൗറവമി) തമിഴ്പ്പടം എന്ന സിനിമയുടെ ഘടനാവഴികളോട് ഏറെ ചേര്‍ച്ചയുള്ള ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. മലയാളസിനിമയിലെ വാര്‍പ്പ് മാതൃകകളുടെ ചിറകൊടിക്കുന്ന അംബുജാക്ഷന്റെ കിനാവുകളുടെ വിമര്‍ശനങ്ങള്‍ക്ക് അത്യാവശ്യം മൂര്‍ച്ചയുണ്ടെങ്കിലും ഉള്‍ക്കരുത്ത് എവിടെയോ നഷ്ടപ്പെട്ട് പോകുന്നു. ഉദയനാണ് താരം എന്ന സ്പൂഫ് ഗണത്തില്‍പെടുത്താവുന്ന സിനിമ മുന്നോട്ട് വെച്ചത്‌പോലെയോ, എന്തിനേറെ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴകിയ രാവണിനിലൂടെ നടത്തിയ സിനിമാവിമര്‍ശനത്തിന്റെ ഉള്‍ക്കരുത്ത് ചിറകൊടിഞ്ഞ കിനാവില്‍ ചോര്‍ന്ന് പോയിട്ടുണ്ട്. പണ്ട്, അഴകിയ രാവണനില്‍ അംബുജാക്ഷന്‍ പറഞ്ഞ അതേ നോവല്‍ തന്നെ ദൃശ്യവല്‍ക്കരിച്ചപ്പോള്‍ സ്പൂഫിന്റെ കെട്ടുംമട്ടും ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ലഭിച്ചു.

chira 2 copy edited
എന്നാല്‍, അംബുജാക്ഷന്റെ നോവല്‍ ദൃശ്യവല്‍ക്കരിക്കുന്നത് വഴി സ്പൂഫിനകത്തെ ഗൗരവവും തിരക്കഥയുടെ ബലവും ചോര്‍ന്ന് പോയിട്ടുണ്ട്. സേതുരാമയ്യര്‍, ഭരത്ചന്ദ്രന്‍, രതിചേച്ചി എന്നിവര്‍ക്കൊക്കെ വീണ്ടും വെള്ളിത്തിരയില്‍ നീണ്ട ഇടവേളകള്‍ക്ക് ശേഷം വീണ്ടും അവതാരപ്പിറവിയെടുക്കാമെങ്കില്‍ അംബുജാക്ഷനും അതിനുള്ള അവകാശമുണ്ട്. കരയോഗം പ്രസിഡന്റിന് മര്യാദയ്ക്ക് ഡയലോഗ് പറഞ്ഞുകൊടുക്കാത്ത പ്യൂണിന് (അഴകിയ രാവണനിലെ ലാല്‍ ജോസിന്) ക്ലീഷേകളുടെ കൂമ്പാരമായി നീനയെ വെള്ളിത്തിരയിലെത്തിച്ച് ന്യൂജനറേഷന്‍ പരീക്ഷണമാണെന്നും സ്ത്രീപക്ഷസിനിമയാണെന്നും വീമ്പിളക്കാമെങ്കില്‍ അംബുജാക്ഷനും മിനിമം ഒരു സിനിമയ്‌ക്കൊക്കെ തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യാം. ഈയൊരു നഗ്ന സത്യം മനസ്സിലാക്കാതെ ചിറകൊടിഞ്ഞ കിനാവുകളുടെ തിരക്കഥ പശുവിന് തിന്നാന്‍ ഇട്ടുകൊടുത്ത് കൊണ്ട് അംബുജാക്ഷന്റെ കിനാവുകളുടെ ചിറകുകള്‍ വെട്ടിക്കളയുകയും ലാല്‍ജോസിനെ കൊണ്ട് അതിന് ന്യായീകരണം ചമയ്ക്കുകയും ചെയ്തത് എന്തായാലും മോശമായിപ്പോയി. പാവം, അംബുജാക്ഷന്റെ സിനാമാമോഹങ്ങളെ തല്ലിക്കെടുത്താനുള്ള മഹത്വവും ഗുണമേന്മയും എന്തായാലും നിലവിലെ മലയാളസിനിമയ്ക്ക് ഇല്ല. ഇക്കാരണത്താല്‍ തന്നെ പുറത്തിറങ്ങുന്ന നൂറ് കണക്കിന് ബോറന്‍ സിനിമകള്‍ക്കൊപ്പം അംബുജാക്ഷന്റെ സിനിമയേയും വെള്ളിത്തിരയില്‍ എത്തിക്കാമായിരുന്നു. ഒന്നുമില്ലെങ്കിലും പാവം അംബുജാക്ഷന്‍ പത്തൊമ്പത് വര്‍ഷം കാത്തിരുന്നതല്ലേ! തന്റെ ചിറകൊടിഞ്ഞ കിനാവുകളൊന്ന് യാഥാര്‍ത്യമാകാന്‍… എന്നിട്ട്, എല്ലാവരും കൂടി നിലവാരംപോര എന്ന് പറഞ്ഞ് പാവം അംബുജാക്ഷനെ വേട്ടയാടി. സത്യം പറഞ്ഞാല്‍ മലയാളസിനിമയേക്കാള്‍ നിലവാരം തനിക്ക് ഉണ്ടെന്ന് തിരിച്ചറിവിലാണ് അംബുജാക്ഷന്‍ തന്റെ തിരക്കഥ പശുവിന് തിന്നാന്‍ ഇട്ടുകൊടുക്കുന്നത്. നമ്മുടെ പലപ്രമുഖരായ സിനിമാക്കാര്‍ക്കും ഈ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കില്‍ പ്രേക്ഷകന്റെ 100രൂപ നഷ്ടമാകില്ലായിരുന്നു.