പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിലേക്ക്; അന്വേഷണം ചീഫ് സെക്രട്ടറിക്ക്

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യപ്രസിലേക്ക്. സര്‍ക്കാര്‍നിശ്ചയിച്ച പ്രകാരം ഈ മാസം 20ന് മുന്‍പ് അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കെബിപിഎസ് അറിയിച്ചതോടെയാണ് കോടതി അനുമതിയോടെ ബാക്കി വരുന്ന പുസ്തങ്ങളുടെ അച്ചടി സ്വകാര്യപ്രസിനെ ഏല്‍പ്പിക്കുന്നത്. തിരുവനന്തപുരത്തെ സോളാര്‍പ്രിന്റേഴ്‌സ് സര്‍ക്കാര്‍നിരക്കില്‍ അച്ചടിക്കാന്‍ തയ്യറാണെന്ന് കെബിപിഎസ് കോടതിയെ അറിയിക്കുകയും ചെയ്തു.

21 ലക്ഷം പുസ്തകം കൂടി അച്ചടിക്കാന്‍ ബാക്കിയുണ്ടെന്നും ഈ മാസം 20 ന് മുന്പ് 15 ലക്ഷം കോപ്പി മാത്രമേ കെബിപിഎസ്സിന് അച്ചടിക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാക്കി വരുന്ന പുസ്തകങ്ങളുടെ അച്ചടി എങ്ങിനെ നടത്തണമെന്ന് തീരുമാനിക്കാന്‍ കെബിഎസ്സിനെ ചുമതലപെടുത്തിയെന്നും അഡീ. അഡ്വക്കേറ്റ് ജനറള്‍ കെഎ ജലീല്‍ പറഞ്ഞു. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കെബിപിഎസ് ഉച്ചയ്ക്ക് പ്രത്യേകം സത്യവാങ്മൂലം നല്‍കിയത്.

ഈ മാസം 20ന് മുന്‍പ് 9 ലക്ഷം കോപ്പി മാത്രമേ അച്ചിടക്കാന്‍ കഴിയൂ എന്നായിരുന്നു കെബിഎസ്സിന്റെ സത്യവാങ്മൂലം. ബാക്കി വരുന്ന 12 ലക്ഷം പുസ്തകങ്ങള്‍ സ്വകാര്യപ്രസുകളെ ഏല്‍പ്പിക്കാതെ 20 ന് മുന്‍പ് അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും കെബിപിഎസ് ബോധിപ്പിച്ചു. രണ്ട് കമ്പനികള്‍ ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട. ഇതില്‍ ബാംഗ്ലൂരിലെ അഭിമാനി പബ്ലിക്കേഷന്‍സ് സര്‍ക്കാര്‍ നിരക്കില്‍ അച്ചടിക്കാന്‍ തയ്യാറായെങ്കിലും ഇരു വശത്തേക്കുമുള്ള ഗതാഗതച്ചിലവ് ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ തിരുവനന്തപുരത്തെ സോളാര്‍ പ്രിന്റേഴ്‌സ്, പുസ്തകങ്ങള്‍ എത്തിക്കുന്നതിനുള്ള പണം മാത്രമാണ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സോളാറിന് അച്ചടി നല്‍കാവുന്നതാണെന്ന് കെബിപിഎസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കെബിപിഎസ്സിന് തന്നെ തീരുമാനം എടുക്കാമെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ പറഞ്ഞു. അച്ചടിയുടെ പുരോഗതി ഈ മാസം 15 ന് കോടതിയ അറിയിക്കാനും ഉത്തരവിട്ടു. സര്‍ക്കാര്‍ നിരക്കിനേക്കാള്‍ 25 ശതമാനം അധിക നിരക്ക് ആവശ്യപ്പെട്ടതു മൂലം മണിപ്പാല്‍ ടെക്‌നോളജീസിന് അച്ചടി നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേ സമയം പാഠപുസ്തകങ്ങളുടെ അച്ചടിയിലുണ്ടായ വീഴ്ച ചീഫ് സെക്രട്ടറി അന്വേഷിക്കും. സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും സമരം തുടരുമെന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ വിട്ട് ടാബ് ലറ്റുകളിലേക്ക് മാറേണ്ട സമയമായെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അച്ചടിവകുപ്പും കെബിപിഎസും അവസാനനിമിഷമാണ് അച്ചടി വൈകുമെന്ന് അറിയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു.. അച്ചടി വൈകിയത് ബോധപൂ!ര്‍വ്വമല്ല, 20 നുള്ളില്‍ ബാക്കി പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യും. സമരം നിര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആവശ്യപ്പെട്ടു

© 2024 Live Kerala News. All Rights Reserved.