കണ്ണൂര്‍: തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് മൊഴി. ഫസല്‍ വധത്തിന് പിന്നില്‍ താനുള്‍പ്പെടുന്ന സംഘമാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മതമൊഴി. പടുവിലായി മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ് പൊലീസിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍.എസ്.എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആര്‍.എസ്.എസ് നേതാവ് ശശി, ഡയമണ്ട് മുക്കിലെ മനോജ് എന്നിവരും താനുമുള്‍പ്പെടുന്നവരാണ് ഫസല്‍ വധക്കേസിന് പിന്നിലെന്നാണ് സുബീഷ് മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ ശബ്ദരേഖയും ദൃശ്യങ്ങളും പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ എസ്.പി ഇക്കാര്യം മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും അറിയിച്ചു. 2006 ഒക്ടോബര്‍ 22നാണ് തലശേരി സെയ്താര്‍ പള്ളിക്കു സമീപം മുഹമ്മദ് ഫസല്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. സി.ബി.ഐ ഈ കേസ് അന്വേഷിക്കുകയും സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തുകയുമായിരുന്നു. സിപിഎം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലൊക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിനു പിന്നിലെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. ഫസല്‍ വധക്കേസിനു പിന്നില്‍ സിപി.എം പ്രവര്‍ത്തകരാണെന്ന സി.ബി.ഐ കണ്ടെത്തലിനെതിരെ ഫസലിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് നിര്‍ണായക വഴിത്തിരിവ്.