മന്ത്രിസഭയില്‍ അഴിച്ചുപണി;എം എം മണി വൈദ്യുതിമന്ത്രിയാകും;എസി മൊയ്തീന്‍ വ്യവസായമന്ത്രി; കടകംപള്ളി സുരേന്ദ്രന് സഹകരണം, ടൂറിസം, ദേവസ്വം, യുവജനക്ഷേമം;തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണി മന്ത്രിസഭയിലേക്ക്.വൈദ്യുതി വകുപ്പാണ് എംഎം മണിക്ക് നല്‍കുക. സഹകരണ വകുപ്പിന്റെ ചുമതലയുള്ള എസി മൊയ്്തിനാണ് പുതിയ വ്യവസായ മന്ത്രി. കടകംപള്ളി സുരേന്ദ്രനില്‍ നിന്ന്് വൈദ്യുതി വകുപ്പ് മാറ്റി. ഇ പി ജയരാജന്‍ കൈകാര്യം ചെയ്ത സ്‌പോര്‍ട്‌സും എ സി മൊയ്തീനായിരിക്കും ചുമതല. സഹകരണം, ടൂറിസം, ദേവസ്വം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല കടകംപള്ളിക്ക് നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ നയം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണമേഖലയുടെ ചുമതല കടകംപള്ളി സുരേന്ദ്രനാണ്. ഇ.പി.ജയരാജന്റെ രാജിയെ തുടര്‍ന്നാണ് അഴിച്ചുപണി. ഭരണത്തിലേറി ആറാം മാസത്തിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്.
പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എ.മണി പറഞ്ഞു. സംസ്ഥാന താല്‍പ്പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും മണി പറഞ്ഞു.സംസ്ഥാന സമിതി ഇക്കാര്യങ്ങള്‍ തീരുമാനിച്ചതോടെ ഇപി ജയരാജന്‍ സംസ്ഥാന സമിതിയില്‍നിന്ന് വിട്ടുനിന്നാതായും റിപ്പോര്‍ട്ടുണ്ട്. ബന്ധുക്കളെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ഇപി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്.

© 2024 Live Kerala News. All Rights Reserved.