പൂമരത്തിലെ ആദ്യ ഗാനമെത്തി;ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന്റെ വീഡിയോ കാണാം

കാളിദാസന്‍ ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയിലെ ആദ്യ ഗാനം സര്‍പ്രൈസായി പുറത്തുവിട്ടിരിക്കുകയാണ് കാളിദാസ് ജയറാം.ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ചുണ്ടുകളില്‍ സ്ഥാനം പിടിക്കുന്ന ചുരുക്കം ചില ഗാനങ്ങളിലൊന്നായി മാറാന്‍ ഇതിന് സാധിച്ചു. ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ലളിത സുന്ദര വരികള്‍ക്കൊപ്പം അലിഞ്ഞു ചേരാന്‍ കഴിയുന്ന ഈണം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഗാനം ഈണമിട്ട് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.കോളേജ് പശ്ചാത്തലത്തിലുള്ള പ്രണയവും സമരവും യൗവന മുഹൂര്‍ത്തങ്ങളുമാണ് ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ആദ്യ ഗാനം. മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കി കോളേജ് കലോല്‍സവത്തിന്റെ കഥ പറയുന്ന സിനിമയാണ് പൂമരം എന്നും സൂചനയുണ്ട്.കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കാളിദാസിന്റെ നായകനായുള്ള ആദ്യ മലയാള ചിത്രം തിയറ്ററുകളിലെത്തുക. ജ്ഞാനമാണ് ക്യാമറ.ലൈം ലൈറ്റ് സിനിമാസാണ് പൂമരം നിര്‍മ്മിച്ചിരിക്കുന്നത്. പ്രഭുവിനൊപ്പം മീന്‍ കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്.