ആയിരത്തിന്റെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കില്ല;22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനഃക്രമീകരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കില്ലെന്ന്  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു.22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനഃക്രമീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ അസാധുവായ നോട്ടെടുക്കാന്‍ അനുവദിക്കില്ല. പഴയനോട്ടുകള്‍ മാറുന്നതിന്റെ പരിതി ചിലയാളുകള്‍ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് 4500 രൂപയില്‍ നിന്നു 2000 രൂപയിലേക്ക് വെട്ടിക്കുറയ്ക്കാന്‍ കാരണം. അതേസമയം, വിവാഹ ആവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പിന്‍വലിക്കാമെന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടെന്ന് വിശദമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച സംഭവത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും രണ്ടാം ദിവസവും ബഹളമാണ്. വിഷയം ലോക്‌സഭയില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ മൂന്നു തവണയാണ് നിര്‍ത്തിവച്ചത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ വേണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.ഡിഎംകെ, കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭയില്‍ ചെയര്‍മാന്റെ പോഡിയത്തിനു സമീപത്തേക്ക് പ്രതിഷേധവുമായി എത്തി. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു രാജ്യസഭ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നേരിട്ട് മറുപടി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. കള്ളപ്പണവും അഴിമതിയും കുറയ്ക്കുന്നതിന് വേണ്ടി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്നാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, എങ്ങനെയാണ് കള്ളപ്പണത്തെ ഇല്ലാതാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നു ബിഎസ്പിയുടെ സുധീന്ദ്ര ബഹദോറിയ ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.